ജീവന്റെ അപ്പമായ ക്രിസ്തുവുമായി സൗഹൃദത്തില്‍ വളരുക: മാര്‍പാപ്പ

ജീവന്റെ അപ്പമായി സ്വയം വിശേഷിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്ത ക്രിസ്തുവുമായി അനുദിനം സൗഹൃദത്തില്‍ വളരേണ്ടത് ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച സുവിശേഷവായനയ്ക്കു ശേഷമാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. “കര്‍ത്താവാണ് നമ്മുടെ ആത്മാക്കളെ പരിപോഷിപ്പിക്കുന്നത്, നമ്മുടെ തെറ്റുകള്‍ ക്ഷമിക്കുന്നത്, ഹൃദയസമാധാനവും ശക്തിയും സമ്മാനിക്കുന്നത്. ഈ ഭൂമിയിലെ ജീവിതം അവസാനിക്കുമ്പോള്‍ നിത്യജീവന്‍ സമ്മാനിക്കുന്നതും അവിടുന്നു തന്നെ” – പാപ്പാ പറഞ്ഞു.

“ജീവന്റെ അപ്പമായിക്കൊണ്ടുള്ള ക്രിസ്തുവിന്റെ ചിത്രം അവിടുത്തെ ദൗത്യവും ലക്ഷ്യവും വെളിപ്പെടുത്തുന്നു. അവിടുന്ന് അപ്പം മാത്രമല്ല മനുഷ്യര്‍ക്ക് നല്‍കിയത്. മറിച്ച്, സ്വന്തം ജീവിതവും മാംസരക്തങ്ങളും ഹൃദയവുമാണ്. അതു വഴിയാണ് മനുഷ്യരായ നമുക്കും ജീവന്‍ ലഭിച്ചത്. നമ്മോടുള്ള അടുപ്പവും സ്‌നേഹവും വെളിപ്പെടുത്തുന്നതിനു വേണ്ടിയാണ് അവിടുന്ന് സ്വന്തം ശരീരരക്തങ്ങള്‍ ഭക്ഷണമായി നല്‍കിയതും” – പാപ്പാ പറഞ്ഞു.

ഇക്കാരണങ്ങളാല്‍ ഭവനങ്ങളില്‍ ഒരുമിച്ചു ചേര്‍ന്ന് ഭക്ഷണം കഴിക്കുന്ന അവസരങ്ങളില്‍ ഈശോയുടെ അനുഗ്രഹം വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. അതുപോലെ തന്നെ ജീവന്റെ ഭക്ഷണമായ ക്രിസ്തുവിനോട് ചേര്‍ന്നു വളരാനും സൗഹൃദം സ്ഥാപിക്കാനും പരിശുദ്ധ മറിയത്തിന്റെ സഹായം തേടണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.