കോയമ്പത്തൂരിലെ വനിതാ ആരോഗ്യസംരക്ഷണ കേന്ദ്രത്തിന് സംഭാവന നല്‍കി ഫ്രാന്‍സിസ് പാപ്പാ

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള വനിതാ ആരോഗ്യസംരക്ഷണ കേന്ദ്രമായ ശാന്തി ആശ്രമത്തിന് ഇരുപതിനായിരം യൂറോ ഫ്രാന്‍സിസ് പാപ്പാ സംഭാവനയായി നല്‍കി. ഭക്ഷ്യ ബാങ്ക്, വൈദ്യസഹായം, പരിശീലന സൗകര്യങ്ങള്‍ എന്നിവയെല്ലാമാണ് ശാന്തി ആശ്രമം സ്ത്രീകള്‍ക്കായി നല്‍കിവരുന്ന സേവനങ്ങള്‍. കോയമ്പത്തൂര്‍ പട്ടണപ്രദേശത്തുള്ള 50,000 കുട്ടികളേയും അവരുടെ കുടുംബങ്ങളേയും ഈ കേന്ദ്രം വിവിധ സഹായങ്ങള്‍ നല്‍കി സംരക്ഷിച്ചുപോരുന്നു.

പാപ്പായുടെ ദാനാധികാരിയായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്‌സ്‌ക്കിയാണ് പാപ്പായുടെ സമ്മാനം സംബന്ധിച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശിശുരോഗവിദഗ്ധനായ ഡോ. കെസവിനോ ആരാമാണ് ശാന്തി ആശ്രമത്തിന്റെ പ്രസിഡന്റ്. ശാന്തി ആശ്രമത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ 60,000 യൂറോ അടിയന്തരമായി സ്വരൂപിക്കേണ്ടതിനെക്കുറിച്ച് പ്രശസ്ത ശിശുരോഗവിദഗ്ധരും ഗൗനക്കോളജിസ്റ്റുകളും പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിനുശേഷമാണ് പാപ്പായുടെ സംഭാവന ലഭിച്ചത്.

കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കാരണം തങ്ങളുടെ എല്ലാ വിഭവങ്ങളും തീരുകയും എല്ലാ പ്രവര്‍ത്തനങ്ങളും മുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് സംഭാവന സ്വീകരണത്തിലേയ്ക്ക് തങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടതെന്നും പാപ്പായുടെ ഭാഗത്തു നിന്നുണ്ടായ പിന്തുണ തങ്ങള്‍ക്ക് വലിയ കരുത്താണ് പകരുന്നതെന്നും ആശ്രമാധികാരികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.