ജപമാലയെ ചേർത്തുപിടിച്ച ലിയോ പതിമൂന്നാമന്‍ പാപ്പ

    സഭാചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച മാര്‍പാപ്പയാണ്‌ ലിയോ പതിമൂന്നാമന്‍ പാപ്പ. മികച്ച എഴുത്തുകാരൻ, കവി, ദൈവശാസ്ത്രജ്ഞൻ, തികഞ്ഞ മരിയഭക്തന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രസിദ്ധനായിരുന്നു. ആത്മജ്ഞാനിയായിരുന്ന അദ്ദേഹം, ‘ആത്മാക്കളുടെ അജപാലകന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. 1879-ൽ റോമാ പട്ടണത്തില്‍ വി. തോമസ് അക്വിനാസിന്റെ പേരില്‍ പൊന്തിഫിക്കൽ അക്കാദമി സ്ഥാപിച്ചതും ഇദ്ദേഹമായിരുന്നു.

    തന്‍റെ കാലഘട്ടത്തിലെ സാമൂഹികവും ധാർമ്മികവുമായ പ്രശ്നങ്ങൾ അദ്ദേഹത്തെ ആഴത്തിൽ ആശങ്കാകുലനാക്കിയിരുന്നു. ഈ പ്രശ്നങ്ങൾ നേരിടാനായി അദ്ദേഹം പല ആത്മീയ ആയുധങ്ങൾ സഭയ്ക്ക് നൽകിയിരുന്നു. ഒരു വിശ്വാസിക്ക് നാരകീയ ശക്തികളോടുള്ള പോരാട്ടം നിരന്തരം നടത്തണമെന്ന യാഥാര്‍ത്ഥ്യം ഒരു ദര്‍ശനത്തിലൂടെ വെളിപ്പെട്ടു കിട്ടിയപ്പോള്‍ ലിയോ പതിമൂന്നാമന്‍ എഴുതിയതാണ് വി. മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന. വി. യൌസേപ്പ് പിതാവിനോടുള്ള ഭക്തി പ്രചരിപ്പിച്ച അദ്ദേഹം യേശുവിന്റെ തിരുഹൃദയത്തിലേയ്ക്ക് എല്ലാവരെയും സമർപ്പിച്ചുകൊണ്ട് ആദ്യവെള്ളിയാഴ്ചകളിലുള്ള ആരാധനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ജൂൺ മാസം തിരുഹൃദയത്തിന് പ്രതിഷ്ഠിച്ചു തുടങ്ങിയത് ഈ പാപ്പയുടെ കാലത്താണ്.

    മരിയൻ ഭക്തി

    ചെറുപ്പം മുതലേ മരിയഭക്തിയില്‍ വളര്‍ന്നുവന്ന വ്യക്തിയായിരുന്നു ലിയോ പതിമൂന്നാമന്‍. 1846-ൽ വി. ലൂയിസ് മോൺ ഡെ ഫോർട്ടിന്‍റെ മരിയൻ രചനകൾ വായിച്ചത് മാതാവിനോടുള്ള സ്നേഹത്തില്‍ വളരാന്‍ കുഞ്ഞു ലിയോയെ ഏറെ സഹായിച്ചു. പോംപൈയിലെ ബാർസലോ ബര്‍ത്തലോങ്ങോയുടെ പ്രവർത്തനങ്ങളും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. മരിയ പ്രത്യക്ഷികരണം കൊണ്ട് പ്രസിദ്ധി നേടിയ ലൂര്‍ദ്ദിനെ ഏറെ സ്‌നേഹിച്ചിരുന്ന പാപ്പ, വത്തിക്കാൻ ഗാർഡനില്‍ ‘ലൂർദ്ദസ് ഗ്രോട്ടോ’ സ്ഥാപിക്കുകയും ചെയ്തു.

    ജപമാലയുടെ പോരാളി

    ജപമാലയുടെ ഉത്തമപോരാളി ആയിരുന്നു ലിയോ പതിമൂന്നാമന്‍ പാപ്പാ. തന്റെ അധികാരകാലത്ത് അദ്ദേഹം ജപമാലയെക്കുറിച്ച് പതിനൊന്ന് ചാക്രികലേഖനങ്ങള്‍ എഴുതി. ജപമാലയെക്കുറിച്ച് നിരവധി ശ്ലൈഹിക പ്രബോധനങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. കത്തോലിക്കാ സഭയുടെ സാമൂഹിക ദര്‍ശനത്തെ ഉജ്ജ്വലിപ്പിച്ച ലിയോ പതിമൂന്നാമന്‍റെ ചാക്രികലേഖനമായിരുന്നു ‘റെരും നൊവാരും.’ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ മാത്രമല്ല, സമകാലിക സാമൂഹ്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ഈ ചാക്രികലേഖനത്തില്‍ നമുക്ക് കണ്ടെത്താം.

    ദൈവരാജ്യ പ്രഘോഷണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്‌ ജപമാല എന്ന് മനസ്സിലാക്കിയ അദ്ദേഹം എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ഥിക്കാന്‍ എല്ലാവരെയും പ്രത്യേകിച്ച്, വൈദികരെയും മിഷനറിമാരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കാരണം, ജപമാല പ്രാര്‍ത്ഥനയ്ക്ക് തിന്മയെ പുറന്തള്ളാനും മനുഷ്യഹൃദയത്തിലെ മുറിവുകള്‍ സൗഖ്യമാക്കാനുമുള്ള ശക്തിയുണ്ട് എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

    ഒക്ടോബർ മാസം ജപമാലയ്ക്കു വേണ്ടി മാറ്റിവച്ചത് ലിയോ പാപ്പയാണ്. ലൂർദ്ദിൽ  ജപമാലയുടെ ഒരു ബസലിക്ക അദ്ദേഹം സ്ഥാപിച്ചു. ജപമാലയുടെ പ്രചുര  പ്രചാരകരാകാന്‍ ഡൊമിനിക്കന്‍ സന്യാസികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ലിയോ പതിമൂന്നാമന്‍ പാപ്പയുടെ പ്രശസ്തമായ, വി. മിഖായേല്‍ മാലാഖയോടുള്ള പ്രാർത്ഥനയുടെ ഒരു ചുരുങ്ങിയ പതിപ്പ് ഇപ്പോൾ നാം ജപമാലയുടെ അവസാനം ഉപയോഗിക്കുന്നുണ്ട്. ജപമാലയെ സ്‌നേഹിക്കുകയും ജപമാലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത പുണ്യപിതാവാണ് ലിയോ പതിമൂന്നാമന്‍. അദ്ദേഹത്തെപ്പോലെ നമുക്കും ഈ ജപമാല മാസത്തില്‍, ജപമാലയര്‍പ്പിച്ച് പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തില്‍ അനുദിനം വളരാം.