പാപ്പയുടെ നോമ്പ് സന്ദേശം 4 – ഉദാര ദാനദര്‍മ്മത്തിനുള്ള സമയം

“നീ ദാനധര്‍മ്മം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലതുകൈ ചെയ്യുന്നത് എന്തെന്ന് ഇടതുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും” (മത്തായി 6:6).

ദാനധര്‍മ്മമാണ് നോമ്പുകാലത്തിലെ പ്രധാനമായ മറ്റൊരു കടമ. അതും തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാതെയും ഉദാരമായി ചെയ്യുന്നതും ആയിരിക്കണം. നമ്മുടെ കഴിവ് കൊണ്ടല്ല ദൈവം നമുക്ക് സമൃദ്ധമായി അനുഗ്രഹങ്ങള്‍ സൗജന്യമായി നല്‍കിയതെന്നും അതുകൊണ്ട് എനിക്കുള്ള അനുഗ്രഹങ്ങള്‍ സമൃദ്ധമായി, ഉദാരമായി, സൗജന്യമായി ആവശ്യക്കാരന് നല്‍കാന്‍ ഞാന്‍ കടപ്പെട്ടിരിക്കുകയാണെന്നും ഓരോ ക്രൈസ്തവനും മനസിലാക്കണം. ഇന്ന് ഔദാര്യം, സൗജന്യം എന്നീ വാക്കുകളെല്ലാം നമ്മുടെ നിത്യജീവിതത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. പകരം വില്‍ക്കല്‍, വാങ്ങല്‍ എന്നീ വാക്കുകള്‍ സ്ഥാനം പിടിക്കുകയും ചെയ്തു. എല്ലാം അളന്നും തൂക്കിയുമാണ് കൈകാര്യം ചെയ്യുന്നത്. ദാനധര്‍മ്മം, ഉദാരമായി പങ്കുവയ്ക്കുന്നതിന്റെ സുഖം അനുഭവവേദ്യമാക്കും. അതാകട്ടെ, കൈയ്യടക്കലിന്റെയും നഷ്ടഭയത്തിന്റെയും ഇല്ലാത്തവനുമായി പങ്കുവയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലും വിഷമത്തിലും നിന്നുള്ള മോചനത്തിനും കാരണമാകും.

അതുകൊണ്ട് നമുക്ക് ചിന്തിക്കാം, ഏതെല്ലാം കാരണങ്ങളാലാണ് അപരനുമായി കൂടുതല്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ബാധ്യസ്ഥനായിരിക്കുന്നത്?

(ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.