പാപ്പയുടെ നോമ്പ് സന്ദേശം 17 – കരുണയ്ക്കായുള്ള സമയം

നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ (ലൂക്കാ : 6: 36)

ന്യായത്തെ മാത്രം പരിഗണിക്കുന്നവനായിരുന്നു ദൈവമെങ്കില്‍ അവിടുന്നുണ്ടാകുമായിരുന്നില്ല. പകരം നിയമത്തെ മാത്രം ആശ്രയിക്കുന്ന മനുഷ്യര്‍ക്ക് സമനായി അവിടുന്ന് മാറിയേനെ. കാരണം നീതികൊണ്ട് എല്ലാം മതിയാവില്ല. നീതിയും ന്യായവും മാത്രം നോക്കിയാല്‍ അത് പലപ്പോഴും പലതരത്തിലുള്ള തകര്‍ച്ചകള്‍ക്കും കാരണമാവുമെന്ന് പല സാഹചര്യങ്ങളിലും തെളിയിക്കപ്പെട്ടിട്ടുമുള്ളതാണ്. അതുകൊണ്ടാണ് നീതിയ്ക്കും ന്യായത്തിനും അപ്പുറം കരുണയ്ക്കും ദയയ്ക്കും ദൈവം പ്രാധാന്യം നല്‍കുന്നത്. ഇതിനര്‍ത്ഥം ന്യായവും നീതിയും ഉപയോഗശൂന്യമാണെന്നോ വ്യര്‍ത്ഥമാണെന്നോ അല്ല.

ചെയ്ത തെറ്റിന് ഓരോ വ്യക്തിയും പരിഹാരം ചെയ്യേണ്ടതുമാണ്. എന്നാല്‍ ഇത് ഒരു തുടക്കം മാത്രമാണ്. അവസാനമല്ല. ദൈവത്തിന്റെ കരുണ അവിടെ നിന്നാണ് തുടങ്ങുന്നത്. നീതി ന്യായ വ്യവസ്ഥയെ ദൈവം നിരസിക്കുന്നുമില്ല, മറിച്ച് അതിനെ തന്റെ സ്‌നേഹത്തിലും കാരുണ്യത്തിലും പൊതിഞ്ഞ് മനുഷ്യര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ചുരുക്കിപറഞ്ഞാല്‍ ദൈവനീതിയുടെ അടിത്തറ സ്‌നേഹവും കരുണയുമാണ്. ആ കൃപ നമുക്ക് ഒഴുക്കി നല്‍കിയതോ യേശു ക്രിസ്തുവിന്റെ മരണോത്ഥാനങ്ങളിലൂടെയും. അതായത്, യേശുവിന്റെ കുരിശിലൂടെയാണ് നമ്മുടെയും ലോകം മുഴുവന്റെയും വിധി ദൈവം നടപ്പിലാക്കുന്നത്. കാരണം അതിലൂടെയാണ് തന്റെ സ്‌നേഹവും തന്നിലുള്ള പുതു ജീവിതവും അവിടുന്ന് നമുക്ക് ഉറപ്പു നല്‍കുന്നത്. അതുകൊണ്ട് നമുക്ക് ചിന്തിക്കാം… എങ്ങനെയെല്ലാമാണ് അപരനോട് കൂടുതല്‍ കരുണയും അനുകമ്പയും പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് എന്ന്.

(ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.