പാപ്പയുടെ നോമ്പ് സന്ദേശം 35 – നീതിയോടെ പ്രവര്‍ത്തിക്കാനുള്ള സമയം 

നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക. നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിച്ച് അവിടുത്തെ വാക്കുകേട്ട് അവിടുത്തോടു ചേര്‍ന്നു നില്‍ക്കുക; നിനക്കു ജീവനും ദീര്‍ഘായുസും ലഭിക്കും (നിയമാവര്‍ത്തനം: 30: 1920)

ലൗകികതയ്ക്കും തനിക്കും ഇടയില്‍ മനുഷ്യന് തെരഞ്ഞെടുക്കാനുള്ള വ്യക്തമായ അവസരം ഈശോ നല്‍കുന്നുണ്ട്. അതുപോലെതന്നെ അഴിമതിയ്ക്കും അധികാരത്തിനും അത്യാഗ്രഹത്തിനും നീതിയ്ക്കും ശാന്തതയ്ക്കും പങ്കുവയ്ക്കലിനും ഇടയിലും അവിടുന്ന് ഒരു തെരഞ്ഞെടുപ്പിനുള്ള അവസരം നല്‍കുന്നുണ്ട്. ചിലരൊക്കെ അഴിമതിയോട് ഒരു ലഘു സമീപനം കാട്ടും. മദ്യത്തോടെന്നപോലെ. ഉപയോഗിച്ചാലും എപ്പോള്‍ വേണമെങ്കിലും നിര്‍ത്താന്‍ തങ്ങള്‍ക്ക് സാധിക്കും എന്നാണ് അവര്‍ കരുതുന്നത്.

ചെറിയ രീതിയിലായിരിക്കും തുടക്കം. ചെറിയ ടിപ്പ്, ചെറിയ കൈക്കൂലി എന്നിങ്ങനെ. എന്നാല്‍ ഇതിനിടയ്ക്ക് എപ്പോഴോ അറിയാതെ ആ വ്യക്തിയുടെ സ്വാതന്ത്രം നഷ്ടപ്പെടുന്നു. അഴിമതി ശീലമായി മാറുന്നു. അത് പിന്നീട് ആ വ്യക്തിയെ ദാരിദ്രത്തിലേയ്ക്കും ചൂഷണത്തിലേയ്ക്കും ദുരിതത്തിലേയ്ക്കും നയിക്കും. വ്യാപകമായ അഴിമതിയുടെ എത്രയധികം ഇരകളുണ്ട് ഇന്ന് ലോകത്തില്‍. എന്നാല്‍ സത്യസന്ധതയുടെയും, ശുദ്ധതയുടെയും, ചിന്തയിലും പ്രവര്‍ത്തിയിലുമുള്ള സാഹോദര്യ മനോഭാവത്തിന്റെയും സുവിശേഷം പിന്തുടരാന്‍ തുടങ്ങിയാല്‍ നമ്മള്‍ നീതിയുടെ വാഹകരും മാനവരുടെ പ്രതീക്ഷയുടെ ചക്രവാളവുമാകും. ദാനധര്‍മ്മത്തിനും, സഹോദരങ്ങള്‍ക്കായി നമ്മെത്തന്നെ സമര്‍പ്പിക്കാനുള്ള മനസും, ഉണ്ടെങ്കില്‍ ഒന്നുറപ്പിക്കാം..നാം സേവിക്കുന്നത് യഥാര്‍ത്ഥ യജമാനനായ ദൈവത്തെയാണെന്ന്. നമുക്ക് ചിന്തിക്കാം…എന്റെ പ്രവര്‍ത്തികളില്‍ അഴിമതിയെ കൂട്ടുപിടിക്കാന്‍ എന്നെ മോഹിപ്പിക്കുന്നതെന്തൊക്കെയാണെന്ന്.

പാപ്പയുടെ നോമ്പുകാല സന്ദേശത്തില്‍ നിന്ന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.