സര്‍ജറിയുടെ സമയത്ത് താന്‍ മരിച്ചുപോകുമെന്ന് പലരും കരുതിയിരുന്നതായി വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

“ഇപ്പോഴും ഞാന്‍ ജീവിച്ചിരിക്കുന്നു. ഞാന്‍ ഉടനെ മരിച്ചുപോകുമെന്ന് ചില ആളുകള്‍ കരുതുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. അവരെല്ലാം ക്ഷമയോടെ കാത്തിരിക്കുക. ദൈവത്തിന് നന്ദി, ഞാന്‍ ആരോഗ്യവാനാണ്.” സ്ലോവാക്യ സന്ദര്‍ശനത്തിനിടെ ഈശോസഭക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പാപ്പാ പറഞ്ഞതാണിത്. കോളന്‍ സര്‍ജറിയെ തുടര്‍ന്ന് തന്റെ ആരോഗ്യസ്ഥിതി മോശമായെന്നും ഉടനെ മരിക്കുമെന്നും ചിലര്‍ പ്രതീക്ഷിച്ചതായും പാപ്പാ തമാശരൂപേണ പറഞ്ഞു.

“അവരില്‍ ചിലര്‍ കോണ്‍ക്ലേവ് പോലും നടത്താന്‍ തയ്യാറായിരുന്നു.” ജസ്യൂട്‌സ് മാസികയായ ല സിവില്‍റ്റ കാറ്റോലിക്കയിലാണ് പാപ്പായുടെ ഈ വാക്കുകള്‍ പ്രസിദ്ധീകരിച്ചത്. വ്യക്തിപരമായി ഇത്തരം ആക്രമണങ്ങള്‍ താന്‍ അര്‍ഹിക്കുന്നുണ്ടെങ്കിലും സഭയ്‌ക്കെതിരെയുള്ള ആക്രമണങ്ങള്‍ സാത്താന്റെ പ്രവര്‍ത്തനങ്ങളാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

സര്‍ജറിക്കു ശേഷം പാപ്പാ സ്ഥാനമൊഴിയുകയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളോടും അദ്ദേഹം അന്ന് വ്യക്തമായി പ്രതികരിച്ചിരുന്നു. അങ്ങനെയൊന്ന് തന്റെ ചിന്തയില്‍ പോലും ഉണ്ടായിട്ടില്ലെന്നാണ് പാപ്പാ വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.