ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു നേരെ ഉണ്ടായ വധശ്രമം – ഫാത്തിമാദര്‍ശനത്തില്‍ വെളിപ്പെടുത്തിയിരുന്നു

പരിശുദ്ധ അമ്മ ഫാത്തിമായിലെ മൂന്ന് ഇടയക്കുട്ടികള്‍ക്ക് ദര്‍ശനം നല്‍കിയപ്പോള്‍ തിരുസഭ തലവനായ മാര്‍പാപ്പയ്ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് കൊടുത്തിരുന്നു. 1981 മെയ് 13-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു നേരെ മെഹമത്ത് അലി അഗ്ക എന്ന വ്യക്തി നാല് പ്രാവശ്യം വെടിയുതിര്‍ത്തു. അതില്‍ ഒന്ന് അദ്ദേഹത്തിന്റെ കൈത്തണ്ടയിലും മറ്റൊന്ന് അടിവയറ്റിലും ആണ് മുറിവേല്‍പ്പിച്ചത്. ഫാത്തിമാ ദര്‍ശനത്തില്‍ മാതാവ് കുട്ടികളോടു പറഞ്ഞ പ്രവചനത്തിന്റെ നിറവേറലായി ആണ് വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ ഈ ആക്രമണത്തെ നോക്കിക്കണ്ടത്. അഗ്ക ഉതിര്‍ത്ത വെടിയുണ്ടയിലൊന്ന് പോപ്പ് മൊബൈലിലാണ് പതിച്ചത്. മാര്‍പാപ്പ അത് എടുത്ത് ഫാത്തിമായിലെ മെത്രാനു കൈമാറുകയും അദ്ദേഹം അത് നന്ദി സൂചകമായി ഫാത്തിമാ മാതാവിന്റെ കിരീടത്തില്‍ ചാര്‍ത്തുകയുമായിരുന്നു. ഒരു വര്‍ഷത്തിനുശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഫാത്തിമായില്‍ നേരിട്ടെത്തി പരിശുദ്ധ അമ്മയ്ക്കു നന്ദി പറഞ്ഞു.

1982 മെയ് 12-ന് മറ്റൊരു വധശ്രമവും ജോണ്‍ പോള്‍ രണ്ടാമനു നേരെയുണ്ടായി. ഇത്തവണ മാര്‍പാപ്പയുടെ ജീവന്‍ എടുക്കാന്‍ ശ്രമിച്ചത് സ്‌പെയിന്‍കാരനായ ഫാ. ജുവാന്‍ മരിയ ഫെര്‍നാന്റസ് ക്രോഹന്‍ ആണ്. വിശുദ്ധ പത്താം പീയൂസിന്റെ സൊസൈറ്റിയില്‍ ഒരംഗമായിരുന്നു ഫാ. ജുവാന്‍. ജോണ്‍ പോള്‍ രണ്ടാമന്റെ സ്വാധീനത്തിലൂടെ സഭയില്‍ കമ്മ്യൂണിസം നുഴഞ്ഞു കയറി എന്ന തെറ്റിദ്ധാരണയുള്ള വ്യക്തിയായിരുന്നു ഫാ. ജുവാന്‍. ഫാത്തിമായില്‍ ബലിയര്‍പ്പിച്ചുകൊണ്ടിരുന്ന മാര്‍പാപ്പയ്ക്കു മുമ്പില്‍ സുരക്ഷാ കവചം ഭേദിച്ച് ജുവാന്‍ എത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മാര്‍പാപ്പയുടെ ജീവനെ സംരക്ഷിച്ചെങ്കിലും ചെറിയ മുറിവ് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉളവാക്കാന്‍ ജുവാനു സാധിച്ചു. ആ ദിവസം മാര്‍പാപ്പ ശരിക്കും മുറിവേറ്റു എന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയും ഇപ്പോഴത്തെ ക്രാക്രോ ആര്‍ച്ചുബിഷപ്പുമായ സ്റ്റനിസ്ലാവ് ഡിസ്‌വിസ് 2008-ലാണ് ആദ്യമായി വെളിപ്പെടുത്തിയത്.

1970-ല്‍ മാനിലയില്‍ വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പയ്ക്കു നേരെയും വധശ്രമമുണ്ടായി. മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന പാസ്‌ക്വാലേ മാച്ചിയാണ് ആക്രമിയെ കീഴടക്കി മാര്‍പാപ്പയെ രക്ഷിച്ചത്. ഫാത്തിമായില്‍ പരിശുദ്ധ മാതാവ് ദര്‍ശനം നല്‍കിയപ്പോള്‍ കുട്ടികളോടായി പറഞ്ഞ മൂന്നാം രഹസ്യം ഇതായിരുന്നു; ”മാര്‍പാപ്പയ്ക്കു ഏറെ സഹിക്കേണ്ടി വരും.”

1981-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനു നേരെയും അതിനുമുമ്പ് പോള്‍ ആറാമന്‍ മാര്‍പാപ്പയ്ക്കു നേരെയും ഉണ്ടായ വധശ്രമങ്ങളും, അത്ഭുതകരമായ രക്ഷപ്പെടലും, ഫാത്തിമായിലെ മാതാവിന്റെ പ്രവചനത്തിന്റെ പൂര്‍ത്തീകരണവുമായി ആണ് നാം മനസ്സിലാക്കുന്നത്. മാനവകുലത്തിന്റെ ഭാവിയെപ്പറ്റി പ്രവചിച്ചുകൊണ്ട് ഒരിക്കല്‍ കൂടി ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു ഫാത്തിമായിലെ മാതാവ്. ദൈവമാണ് നാം ഓരോരുത്തരുടെയും ജീവിതത്തിന്റെ നിയന്താവ് എന്നും, എത്ര പ്രയാസകരമായ അനുഭവത്തിലൂടെ നാം കടന്നുപോയാലും അത് നമ്മെപ്പറ്റിയുള്ള അവിടുത്തെ പദ്ധതിയുടെ ഭാഗമാണ് എന്ന് വിശ്വസിക്കാനുമുള്ള പ്രേരണയാണ് ഫാത്തിമാ ദര്‍ശനത്തിലെ മൂന്നാം രഹസ്യവും അതിന്റെ പിന്നീടുള്ള ചരിത്രത്തിലെ ചുരുളഴിയലും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.