2020-ൽ ഇറാഖ് സന്ദര്‍ശിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാർപാപ്പ

ഇറാഖിനെക്കുറിച്ച് താൻ നിരന്തരം ചിന്തിക്കാറുണ്ടെന്നും അടുത്തവര്‍ഷം ഇറാഖ് സന്ദര്‍ശിക്കാൻ തനിക്ക് താത്പര്യമുണ്ടെന്നും അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. റീയൂണിയൻ ഓഫ് എയ്ഡ് ഏജന്‍സീസ് ഫോർ ദി ഓറിയന്റൽ ചർച്ചസ് (ROACO) എന്ന സംഘടനയുമായി കൂടിക്കാഴ്ച നടത്തവെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

സിറിയ, യുക്രൈൻ, ഇസ്രായേൽ, പാലസ്തീൻ, ഇറാഖ് എന്നീ രാജ്യങ്ങളെക്കുറിച്ച് തനിക്കുള്ള ആകുലത എടുത്തുപറഞ്ഞ പാപ്പാ, ഇറാഖിനെക്കുറിച്ച് താൻ അതീവദുഃഖിതനാണെന്നും സൂചിപ്പിച്ചു. അധികാരപ്രയോഗങ്ങളോ സംഘർഷങ്ങളോ ഇല്ലാതെ എപ്രകാരമാണ് ഈ രാജ്യങ്ങളെ യഥാര്‍ത്ഥ സമാധാനത്തിലേയ്ക്ക് നയിക്കാൻ കഴിയുക എന്ന് ചിന്തിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഇറാഖിൽ ഐഎസ് ഭീകരതയുടെ നിഴലിൽ വേദനിക്കുന്നവരെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. കത്തോലിക്കാ – ഓർത്തഡോക്സ് സഭകളുള്ള ഈ രാജ്യത്തെ സന്ദർശിക്കാൻ കഴിഞ്ഞാൽ, രാജ്യത്ത് എത്തുന്ന ആദ്യ മാർപാപ്പയാകും ഫ്രാൻസിസ് പാപ്പാ.

അസ്വസ്ഥതകൾ നിറഞ്ഞ രാജ്യങ്ങൾക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഫണ്ട് ശേഖരിച്ച് നൽകുന്ന ദൗത്യം നിർവ്വഹിക്കുന്ന ROACO കമ്മിറ്റിക്ക് പാപ്പാ നന്ദി അറിയിക്കുകയും ചെയ്തു.