ഫ്രാന്‍സിസ് പാപ്പായുടെ പാവങ്ങളോടുള്ള സമീപനത്തിന്റെ അടയാളമായി ‘മാര്‍ട്ടിനും യാചകനും’ തിരുരൂപം സമ്മാനിച്ച് സ്ലോവാക്യന്‍ ജനത

പാവങ്ങളോട് എക്കാലവും ഫ്രാന്‍സിസ് പാപ്പാ പ്രകടിപ്പിക്കുന്ന കരുതലിന്റേയും സ്‌നേഹത്തിന്റേയും പ്രതീകവും നന്ദിയുമായി സ്ലൊവാക്യന്‍ ജനത അപ്പസ്‌തോലിക സന്ദര്‍ശനവേളയില്‍ മാര്‍പാപ്പായ്ക്ക് ഒരു സ്‌നേഹോപഹാരം നല്‍കുകയുണ്ടായി. ഒരു യാചകനുമായുള്ള മുഖാമുഖ ദര്‍ശനത്തിലൂടെ ക്രിസ്ത്വാനുഭവത്താല്‍ നിറയുകയും പിന്നീട് വിശുദ്ധരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്ത വി. മാര്‍ട്ടിന്റെ തിരുസ്വരൂപത്തിന്റെ പകര്‍പ്പാണ് സ്ലൊവാക്യന്‍ ജനത പാപ്പായ്ക്ക് സമ്മാനിച്ചത്. ആശ്വാരൂഢനായ വി. മാര്‍ട്ടിന്‍, തന്റെ മേലങ്കി രണ്ടായി മുറിച്ച് വസ്ത്രമില്ലാത്ത ഒരു ഭിക്ഷാടകന് കൈമാറുന്ന തിരുരൂപം (സെന്റ് മാര്‍ട്ടിനും യാചകനും) വിഖ്യാതമാണ്.

വി. മാര്‍ട്ടിന്‍ ഒരിക്കല്‍ റോമന്‍ സൈന്യഗണത്തില്‍ അംഗമായിരുന്നുവെന്നും ഒരു യാചകനുമായുള്ള മുഖാമുഖ ദര്‍ശനത്തിലൂടെ ക്രിസ്തീയവിശ്വാസം സ്വീകരിച്ചുവെന്നുമാണ് പാരമ്പര്യം. ശൈത്യകാലത്ത് വടക്കന്‍ ഫ്രാന്‍സിലൂടെ സഞ്ചരിക്കുമ്പോള്‍, അര്‍ദ്ധനഗ്നനായ യാചകനെ മാര്‍ട്ടിന്‍ കാണാനിടയായി. അദ്ദേഹം തന്റെ മേല്‍കുപ്പായം വാൾ കൊണ്ട് രണ്ടായി മുറിച്ച് ഒരു ഭാഗം ഭിക്ഷക്കാരന് നല്‍കകുകയായിരുന്നു. ആ രാത്രിയില്‍ സ്വപ്നദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ട ക്രിസ്തു, ആ യാചകന്‍ താന്‍ തന്നെയായിരുന്നുവെന്ന് വെളിപ്പെടുത്തിയെന്നുമാണ് വിശ്വാസം.

നഗരമധ്യത്തിലെ സെന്റ് മാര്‍ട്ടിന്‍സ് കത്തീഡ്രലില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ വെങ്കലശില്‍പാം ബ്രാറ്റിസ്ലാവയുടെ കലാപരമായ നിധികളിലൊന്നാണ്. ഓസ്ട്രിയന്‍ ശില്‍പി ജോര്‍ജ് റാഫേല്‍ ഡോണറാണ് 1735 -ല്‍ ഇത് തയ്യാറാക്കിയത്. ബിഷപ്പുമാരെയും വൈദികരെയും സമര്‍പ്പിതരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്യാന്‍ സെന്റ് മാര്‍ട്ടിന്‍ കത്തീഡ്രലില്‍ എത്തിയപ്പോഴാണ് ഈ അവിസ്മരണീയ സമ്മാനം വിശ്വാസീസമൂഹം പാപ്പായ്ക്ക് കൈമാറിയത്.

ഫ്രാന്‍സെസ്‌കോ സിയാര്‍ഡിയല്ലോ എന്ന ശില്‍പിയാണ് പരിശുദ്ധ പിതാവിന് സമ്മാനിക്കാനുള്ള പകര്‍പ്പ് തയാറാക്കിയത്. “പാവപ്പെട്ടവരെ നോക്കാതെയും അവരോട് സംസാരിക്കാതെയും അവര്‍ക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കാതെയും തിടുക്കത്തില്‍ നാണയം നല്‍കി കടന്നുപോകുന്നതല്ല യഥാര്‍ത്ഥ ദാനധര്‍മ്മം എന്ന് പഠിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പയ്ക്ക് വിശ്വാസീസമൂഹം നല്‍കുന്ന സ്നേഹസമ്മാനമാണിത്” – കത്തീഡ്രല്‍ അധികാരികള്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.