ദൈവവിജ്ഞാനീയം സംഭാഷണം പരിപോഷിപ്പിക്കണം: പാപ്പാ

ദൈവവിജ്ഞാനീയം ആതിഥ്യത്തിന്‍റെയും സംഭാഷണത്തിന്‍റെതുമായിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. “ദൈവശാസ്ത്രം മദ്ധ്യധരണ്യാഴി പ്രദേശത്തിന്‍റെ പശ്ചാത്തലത്തില്‍” എന്ന വിഷയത്തെ ആസ്പദമാക്കി തെക്കേ ഇറ്റലിയിലെ പൊന്തിഫിക്കല്‍ ദൈവശാസ്ത്ര വിദ്യാപീഠത്തില്‍ സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പാ.

സകലരെയും ഉള്‍ക്കൊള്ളുന്നതും സാഹോദര്യം പുലരുന്നതും സൃഷ്ടിയെ പരിപാലിക്കുന്നതുമായ ഒരു സമൂഹം സമാധാനത്തില്‍ അധിഷ്ഠിതിമായി പടുത്തുയര്‍ത്തുന്നതിന് യഥാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ സംഭാഷണം വളര്‍ത്തിയെടുക്കുന്നതാകണം ദൈവശാസ്ത്രം – പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഏക മാനവകുടുംബത്തെ ഒത്തൊരുമിച്ച് കാത്തുപരിപാലിക്കാന്‍ എങ്ങനെ സാധിക്കും? യഥാര്‍ത്ഥ സാഹോദര്യമായി മാറേണ്ട സമാധാനപരവും സഹിഷ്ണുതാപരവുമായ സഹജീവനം പരിപോഷിപ്പിക്കുന്നതെങ്ങനെ? അപരനെ, ഭിന്നമത പരമ്പര്യങ്ങളാല്‍ നമ്മില്‍ നിന്ന് വ്യത്യസ്തനായിരുക്കുന്നവനെ സ്വീകരിക്കുന്ന മനോഭാവം നമ്മുടെ സമൂഹത്തില്‍ ശക്തിപ്പെടുത്താന്‍ എങ്ങനെ സാധിക്കും? ഭിന്നിപ്പിന്‍റെ മതിലുകളാകാതെ സാഹോദര്യത്തിന്‍റ സരണികളായിരിക്കാന്‍ മതങ്ങള്‍ക്ക് എങ്ങനെ സാധിക്കും? തുടങ്ങിയ ചോദ്യങ്ങള്‍ പാപ്പാ സദസ്സില്‍ ഉയര്‍ത്തി.