പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം സുധീരം എന്ന് അല്‍ അഷറിലെ വലിയ ഇമാം

ഫ്രാന്‍സീസ് പാപ്പായുടെ ഇറാക്ക് സന്ദര്‍ശനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഈജിപ്തിലെ അല്‍ അഷറിലെ വലിയ ഇമാം അഹമദ് അല്‍ തയ്യിബിന്റെ (Ahmad Al-Tayyeb) ട്വിറ്റര്‍ സന്ദേശം.

ചരിത്രപരവും ധീരവുമായ ഈ ഇറാക്ക് സന്ദര്‍ശനം അന്നാട്ടുകാരായ എല്ലാവര്‍ക്കും സമാധാനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പിന്തുണയുടെയും സന്ദേശം നല്കുന്നുവെന്ന് അദ്ദേഹം പാപ്പായുടെ ഇറാക്ക് സന്ദര്‍ശനത്തിന്റെ പ്രഥമ ദിനമായിരുന്ന വെള്ളിയാഴ്ച ട്വിറ്ററില്‍ കുറിച്ചു.

”എന്റെ സഹോദരന്‍ പാപ്പായുടെ ചരിത്രപരവും ധീരവുമായ ഇറാക്ക് സന്ദര്‍ശനം ഇറാക്കുകാരായ എല്ലാവര്‍ക്കും സമാധാനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പിന്തുണയുടെയും സന്ദേശം നല്കുന്നു. അദ്ദേഹത്തിന് വിജയമേകുന്നതിനും മാനവസാഹോദര്യത്തിന്റെ സരണിയില്‍ തുടരുന്നതിനായി അദ്ദേഹത്തിന്റെ യാത്ര ഉദ്ദിഷ്ട ഫലം പുറപ്പെടുവിക്കുന്നതിനും വേണ്ടി ഞാന്‍ സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു” എന്നാണ് അല്‍ അഷറിലെ വലിയ ഇമാം അഹമദ് അല്‍ തയ്യിബ് ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദര്‍ശിച്ച വേളയില്‍ അബുദാബിയില്‍ വച്ച് 2019 ഫെബ്രുവരി 4-ന് ഫ്രാന്‍സീസ് പാപ്പായും വലിയ ഇമാം അഹമദ് അല്‍ തയ്യിബും മാനവസാഹോദര്യത്തെ സംബന്ധിച്ച ചരിത്രപ്രധാനമായ ഒരു രേഖ ഒപ്പുവച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.