ഇറാക്ക് സന്ദര്‍ശനം ഒരു കടമ: മാര്‍പാപ്പാ

തന്റെ ഇറാക്ക് സന്ദര്‍ശനം, വര്‍ഷങ്ങളായി പീഢിപ്പിക്കപ്പെടുന്ന ഒരു നാടിനോടുള്ള കടമയാണെന്ന് മാര്‍പാപ്പാ. വെള്ളിയാഴ്ച്ച ഇറാക്കിലേക്കുള്ള യാത്രയ്ക്കായി വിമാനത്തില്‍ കയറിയ ഫ്രാന്‍സീസ് പാപ്പാ തന്നോടൊപ്പം യാത്രചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തകരെ വ്യോമയാനത്തില്‍ വച്ച് സംബോധന ചെയ്യവേയാണ് ഇക്കാര്യം പറഞ്ഞത്.

ഈ കോവിഡ് മഹാമാരിക്കാലത്ത് ഇതുവരെ വിദേശ അപ്പസ്‌തോലിക പര്യടനങ്ങള്‍ നടത്താതിരുന്ന പാപ്പാ അപ്പസ്‌തോലിക യാത്ര പുനരാരംഭിക്കാന്‍ കഴിഞ്ഞതിലുള്ള തന്റെ സന്തുഷ്ടി വെളിപ്പെടുത്തുകയും തന്റെ ഇറാക്ക് സന്ദര്‍ശനം പ്രതീകാത്മകമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. കോവിഡ് 19 രോഗസംക്രമണം തടയുന്നതിന് പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പാപ്പാ താന്‍ അവ പാലിക്കാന്‍ ശ്രമിക്കുമെന്നും ഹസ്തദാനം ഒഴിവാക്കുമെന്നും വ്യക്തമാക്കി.

എന്നാല്‍ ആരില്‍ നിന്നും അകന്നു നില്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരുടെയും അടുത്തേക്കു താന്‍ വരുമെന്നും പറഞ്ഞുകൊണ്ട് പാപ്പാ വിമാനത്തിലുണ്ടായിരുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ഇടയിലൂടെ നടന്ന് അവരെ അഭിവാദ്യം ചെയ്തു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.