സമയം, ദൈവത്തിനും അയല്‍ക്കാരനും വേണ്ടി വിനിയോഗിക്കേണ്ട സമ്പത്ത്: മാര്‍പാപ്പ

തിരുസഭ ദൈവമാതാവിന്റെ തിരുനാളും വിശ്വശാന്തി ദിനവും ആചരിച്ച പുതുവത്സരദിനത്തില്‍, രാവിലെ വത്തിക്കാനില്‍ വി. പത്രോസിന്റെ ബസിലിക്കയില്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സിസ് പാപ്പായ്ക്കു പകരം ദിവ്യബലി അര്‍പ്പിച്ചു.

ഒരുവന്‍ അനുഗ്രഹം സ്വീകരിക്കുന്നത്, അത് നല്‍കുന്നതിനാണെന്ന് പരിശുദ്ധ കന്യകാമറിയം നമ്മെ പഠിപ്പിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ അദ്ദേഹം തന്നെ വായിച്ച ഫ്രാന്‍സിസ് പാപ്പായുടെ സുവിശേഷ സന്ദേശത്തില്‍ പറഞ്ഞു. ഈ ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്ന, ‘അനുഗ്രഹിക്കുക’, ‘ജന്മം കൊള്ളുക’, ‘കണ്ടെത്തുക’ എന്നീ മൂന്നു ക്രിയാപദങ്ങളുടെ വിശദീകരണമായിരുന്നു പാപ്പായുടെ സുവിശേഷ സന്ദേശം.

നമുക്ക് അനുഗ്രഹം ആവശ്യമാണെന്ന് ദൈവത്തിന് അറിയാമെന്നും സൃഷ്ടികര്‍മ്മത്തിന്റെ അവസാനം, ദൈവം ആദ്യമായി ചെയ്യുന്നത് സകലവും നന്നായിരിക്കുന്നു എന്നു പറയുകയും നമ്മെക്കുറിച്ച് വളരെ നന്നായി സംസാരിക്കുകയുമാണെന്ന് പാപ്പാ വിശദീകരിച്ചു. അവസാനം ദൈവത്തിന്റെ അനുഗ്രഹവചസ്സുകള്‍ മാത്രല്ല, പിതാവിന്റെ അനുഗ്രഹം തന്നെയായ യേശുവിനെ നാം സ്വീകരിക്കുന്നുവെന്നും പാപ്പാ പറയുന്നു. നാം യേശുവിന് ഹൃദയം തുറന്നുകൊടുക്കുമ്പോഴെല്ലാം ദൈവാനുഗ്രഹം നമ്മുടെ ജീവിതത്തില്‍ പ്രവേശിക്കുന്നുവെന്ന് പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു. ദൈവവരപ്രസാദത്താല്‍ അനുഗ്രഹിക്കപ്പെട്ടവളായ അമ്മയായ മറിയം വഴി ആഗതനാകുന്ന പ്രകൃത്യാ അനുഗ്രഹീതനയാ ദൈവസുതനെ നാം ഇന്ന് വാഴ്ത്തുന്നുവെന്നും അങ്ങനെ മറിയം ദൈവത്തിന്റെ കൃപ നമുക്കായി കൊണ്ടുവരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

മറ്റുള്ളവരെയും സമൂഹത്തെയും അവനവനെയും കുറിച്ച് ദുഷിച്ചു സംസാരിക്കുകയും തിന്മ വിചാരിക്കുകയും ചെയ്യുന്നതുവഴി ലോകം ഗുരുതരമാംവിധം മലിനീകൃതമായിരിക്കുന്നുവെന്നും ശാപവചസ്സുകള്‍ സകലത്തെയും ക്ഷയിപ്പിക്കുകയും ദുഷിപ്പിക്കുകയും ചെയ്യുമ്പോഴാകട്ടെ അനുഗ്രഹം പുനരുജ്ജിവിപ്പിക്കുകയും പുനരാരംഭിക്കാന്‍ ശക്തി പ്രദാനം ചെയ്യുകയും ചെയ്യുന്നുവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.