വേദപുസ്തകത്തോടുള്ള വി. ജെറോമിന്റെ മാതൃക നമ്മില്‍ നവീകരിക്കട്ടേയെന്ന് മാര്‍പാപ്പ

വി. ജെറോമിന്റെ പതിനാറാം ചരമശതാബ്ദി – 2020 സെപ്റ്റംബര്‍ 30 – ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പാ, ‘സാക്രെ സ്‌ക്രിപ്തുരെ അഫെക്തൂസ്’ (Sacrae Scripturae affectu) എന്ന അപ്പസ്‌തോലിക ലേഖനം ഒപ്പുവച്ചു.

വി. ജെറോമിന്റെ വേദപുസ്തകത്തോടുള്ള സ്‌നേഹം ഒരു മാതൃകയായി നമ്മില്‍ നവീകരിക്കട്ടെയെന്ന് ഫ്രാന്‍സിസ് പാപ്പാ ആശംസിച്ചു. സ്വജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് ബൈബിള്‍ പ്രതിഷ്ഠിച്ച സഭാപിതാവും വേദപാരംഗതനുമായ ഈ മഹാവിശുദ്ധന്റെ മാതൃക ദൈവവചനത്തോടുള്ള വൈക്തികമായ സംഭാഷണത്തില്‍ ജീവിക്കാനുള്ള അഭിലാഷം നമ്മിലെല്ലാവരിലും നവീകരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

കിഴക്കെ യൂറോപ്പിലെ, ഇന്നത്തെ ക്രൊവേഷ്യയുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന സ്ത്രിദോണ്‍ (Stridon) എന്ന സ്ഥലത്ത് 347-ാം ആണ്ടിലാണ് വി. ജെറോമിന്റെ ജനനം. ബൈബിളിന്റെ ലത്തീന്‍ പരിഭാഷയായ ‘വുള്‍ഗാത്ത’, ഹെബ്രായ ബൈബിള്‍ വിവര്‍ത്തനം എന്നിവയ്ക്കു പുറമെ ദൈവശാസ്ത്ര കൃതികളും, ചരിത്രരചനകളും, അപദാനവര്‍ണ്ണനകളും, കത്തുകളും, താപസവര്യനും ക്രൈസ്തവ വിജ്ഞാനിയും ഭാഷാപണ്ഡിതനുമായ വി. ജെറോമിന്റെ മഹത്തായ സംഭാവനകളായി ഉണ്ട്.

എന്നാല്‍ ജെറോമിന്റെ ചരിത്രരചനകളില്‍ ഏറ്റവും പ്രധാനമായത് 392-ല്‍ ബെത്ലഹേമില്‍ വച്ച് എഴുതിയ ക്രിസ്തീയലേഖകന്മാരെക്കുറിച്ചുള്ള ‘ദെ വീരിസ് ഇല്ലുസ്ത്രിബൂസ്’ (De Viris Illustribus) എന്ന ഗ്രന്ഥമാണ്. ഈ കൃതിയുടെ ക്രമീകരണവും പേരുതന്നെയും സ്യൂട്ടോണിയസ് എഴുതിയ പന്ത്രണ്ടു സീസര്‍മാരുടെ ജീവിതം എന്ന കൃതിയെ ആശ്രയിച്ചുള്ളതാണ്. പത്രോസ് അപ്പസ്‌തോലന്‍ മുതല്‍ വി. ജെറോം വരെയുള്ള 135 എഴുത്തുകാരുടെ ലഘുജീവചരിത്രങ്ങളും സാഹിത്യക്കുറിപ്പുകളുമാണ് ഈ കൃതിയിലുള്ളത്.

420-ല്‍ സെപ്റ്റംബര്‍ 30-ന് ബെത്ലഹേമില്‍ വച്ചായിരുന്നു വി. ജെറോമിന്റെ മരണം. കത്തോലിക്കസഭ മാത്രമല്ല, ഓര്‍ത്തഡോക്‌സ് സഭയും ആംഗ്ലിക്കന്‍ സമൂഹവും ലൂഥറന്‍ സമൂഹവും ജെറോമിനെ വിശുദ്ധനായി വണങ്ങുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.