വി. പാദ്രെ പീയോ ദൈവിക കാരുണ്യത്തിന്റെ അശ്രാന്തവിതരണക്കാരന്‍: മാര്‍പാപ്പാ

പീയെത്രെല്‍ച്ചീനിയിലെ വി. പാദ്രെ പീയോ തീക്ഷ്ണമതിയും വിശ്വസ്തനുമായ ശുശ്രൂഷകനെന്ന് ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനം വിവിധ ഭാഷാക്കാരെ അഭിവാദ്യം ചെയ്തവേളയില്‍, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്യവെ ഫ്രാന്‍സിസ് പാപ്പാ, പഞ്ചക്ഷതധാരിയായ വി. പാദ്രെ പീയോയുടെ തിരുനാള്‍ അനുവര്‍ഷം സെപ്റ്റംബര്‍ 23-ന് ആചരിക്കുന്നത് അനുസ്മരിക്കുകയായിരുന്നു.

തീക്ഷ്ണമതിയും വിശ്വസ്തനുമായ ശുശ്രൂഷകനായിരുന്നു പീയെത്രെല്‍ച്ചീനിയിലെ വി. പാദ്രെ പീയോ എന്ന് പ്രസ്താവിച്ച പാപ്പാ, ഈ വിശുദ്ധനെ നയിച്ച വിശ്വാസത്തിന്റെയും ഉപവിയുടെയും സാക്ഷ്യം അനുരഞ്ജനകൂദാശയ്ക്ക് അണഞ്ഞുകൊണ്ട് ദൈവികനന്മയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമുക്കുള്ള വിളിയായിരിക്കട്ടെയെന്ന് ആശംസിച്ചു.

ഇറ്റലിയിലെ പീയെത്രെല്‍ച്ചീന എന്ന സ്ഥലത്ത് 1887 മെയ് 25-നായിരുന്നു വി. പാദ്രെ പീയോയുടെ ജനനം. കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്ന അദ്ദേഹം ആരോഗ്യപരമായ കടുത്ത പരീക്ഷണങ്ങളെ നേരിടേണ്ടിവന്നു. 1907 ജനുവരി 27-ന് നിത്യവ്രതവാഗ്ദാനം നടത്തുകയും 1910-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത പാദ്രേ പീയോയ്ക്ക് അനാരോഗ്യം മൂലം മേലധികാരികളുടെ നിര്‍ദ്ദേശപ്രകാരം 1916 വരെ സ്വഭവനത്തില്‍ തന്നെ കഴിയേണ്ടിവന്നു. 1916  സെപ്റ്റംബര്‍  4-നാണ് വി. പാദ്രെ പീയോ ഫ്രാന്‍സിസ്‌ക്കന്‍ ആശ്രമത്തിലേയ്ക്ക് മടങ്ങിയത്.

ക്രിസ്തുവിന്റെ തിരുമുറിപ്പാടുകളെ സൂചിപ്പിക്കുന്ന പഞ്ചക്ഷതധാരിയുമായിരുന്ന വി. പാദ്രെ പീയോ 81-ാം വയസ്സില്‍ സാന്‍ ജൊവാന്നി റൊത്തോന്തൊയില്‍ വച്ച് മരണമടഞ്ഞു. വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതും വിശുദ്ധരുടെ നിരയിലേയ്ക്കുയര്‍ത്തിയതും.

വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം 1999 മെയ് 2-നും വിശുദ്ധപദ പ്രഖ്യാപനം 2002 ജൂണ്‍ 16-നുമായിരുന്നു. വത്തിക്കാനില്‍, വി. പത്രോസിന്റെ ബസിലിക്കയുടെ ചത്വരമായിരുന്നു ഇരു തിരുക്കര്‍മ്മത്തിനും വേദിയായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.