സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ സ്തുതിക്കുക; മാര്‍പാപ്പ

സന്തോഷത്തിലും സന്താപത്തിലും സ്തുതിപ്പിന്റെ പ്രാര്‍ത്ഥന നമുക്ക് ആവശ്യമാണെന്ന് മാര്‍പാപ്പ. കത്തോലിക്കാസഭയുടെ മതബോധനം നല്‍കുന്ന നിര്‍വ്വചനം ഇപ്രകാരമാണെന്നും പാപ്പാ വിശദീകരിച്ചു. ”മഹത്വത്തില്‍ ദൈവത്തെ ദര്‍ശിക്കുന്നതിനു മുമ്പ് അവിടത്തെ സ്‌നേഹിക്കുന്ന വിമല ഹൃദയങ്ങളുടെ സൗഭാഗ്യത്തിലുള്ള പങ്കുചേരലാണത്”. വിരോധാഭാസമെന്നു പറയട്ടെ, ജീവിതം സന്തോഷഭരിതമായിരിക്കുമ്പോള്‍ മാത്രമല്ല, സര്‍വ്വോപരി, പ്രയാസകരമായ നിമിഷങ്ങളില്‍, ജീവിതയാത്ര ഒരു കയറ്റമാകുമ്പോള്‍ അത് അഭ്യസിക്കണം. അതും സ്തുതിയുടെ സമയമാണ്. കാരണം, ആ കയറ്റത്തിലൂടെ, ആയാസകരമായ പാതയിലൂടെ, വെല്ലുവിളി നിറഞ്ഞ വഴികളിലൂടെ, വിശാലമായ ഒരു പുതിയ പ്രദേശം, കൂടുതല്‍ തുറന്ന ഒരു ചക്രവാളം കാണാന്‍ നാം പഠിക്കും.

തന്റെ ജീവിതാന്ത്യവേളയില്‍ വിശുദ്ധ ഫ്രാന്‍സീസ് രചിച്ച മഹത്തായ ഒരു പ്രബോധനം ഉണ്ട്. അത് ”സൂര്യകീര്‍ത്തനം” അഥവാ ‘സൃഷ്ടികളുടെ ഗീതം’ ആണ്. ആ സാധു അത് രചിച്ചത് സന്തോഷത്തിന്റെ, സുഭിക്ഷതയുടെ ഒരു വേളയിലല്ല, മറിച്ച് കഷ്ടതകള്‍ക്കിടയിലാണ്. കഷ്ടപ്പാടിന്റെ വേളയിലും ദൈവത്തെ സ്തുതിക്കുന്ന വിശുദ്ധരുടെ. ക്രൈസ്തവരുടെ. യേശുവിന്റെ തന്നെ, ഈ മാതൃക, കര്‍ത്താവിലേക്കുള്ള അതിവിസ്തൃതമായ വഴി നമുക്കു തുറന്നു തരുകയും നമ്മെ സദാ പവിത്രീകരിക്കുകയും ചെയ്യുന്നു. സ്തുതിപ്പ് എന്നും ശുദ്ധീകരിക്കുന്നു.

എല്ലാ സമയത്തും, അതായത്, നല്ല കാലത്തും മോശം സമയത്തും ദൈവത്തെ സ്തുതിക്കാനാകുമെന്ന് വിശുദ്ധന്മാരും വിശുദ്ധകളും കാണിച്ചു തരുന്നു. എന്തെന്നാല്‍ ദൈവം വിശ്വസ്ത സുഹൃത്താണ്, ദൈവം വിശ്വസ്ത സുഹൃത്താണ് എന്നത് സ്തുതിപ്പിന്റെ അടിത്തറയാണ്. അവിടത്തെ സ്‌നേഹം ഒരിക്കലും കുറഞ്ഞു പോകുന്നില്ല. അവിടന്ന് എന്നും നമ്മുടെ ചാരെയുണ്ട്. എന്നും നമ്മെ കാത്തിരിക്കുന്നു. ആരോ പറയുകയുണ്ടായി, അവിടന്ന് നിന്റെ ചാരത്തു നില്ക്കുന്ന കാവല്‍ക്കാരനും നിന്നെ സുരക്ഷിതമായി മുന്നോട്ടു നയിക്കുന്നവനുമാണെന്ന്. ക്ലേശകരവും ഇരുളടഞ്ഞതുമായ വേളകളില്‍ ഇങ്ങനെ പറയാനുള്ള ധൈര്യം നമുക്കുണ്ടാകട്ടെ: ”ഓ, നാഥാ, അങ്ങ് വാഴ്ത്തപ്പെടട്ടെ” കര്‍ത്താവിനെ സ്തുതിക്കുകയെന്നത് നമുക്ക് ഏറെ ഗുണകരമാണ്. പാപ്പാ വ്യക്തമാക്കി.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.