ദൈവപിതാവിനോടുള്ള ഈശോയുടെ പ്രാര്‍ത്ഥനകളെ മാതൃകയായി ചൂണ്ടിക്കാണിച്ച് മാര്‍പാപ്പ

വത്തിക്കാനില്‍ വച്ച് ബുധനാഴ്ച നടന്ന പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ ഈശോ നടത്തിയ തീക്ഷ്ണതയുള്ള പ്രാര്‍ത്ഥനകളെക്കുറിച്ചാണ് ഫ്രാന്‍സിസ് പാപ്പാ വിവരിച്ചത്. ഈശോയുടെ പ്രാര്‍ത്ഥനകളേയും പിതാവുമായുള്ള സംഭാഷണങ്ങളേയും നമുക്കുള്ള മാതൃകയായി പാപ്പാ ചൂണ്ടിക്കാണിക്കുകയും ചെയ്തു. പ്രാര്‍ത്ഥനയെക്കുറിച്ച് പാപ്പാ നടത്തിപ്പോരുന്ന വിചിന്തന പരമ്പരയുടെ അവസാനത്തില്‍ ഈശോയുടെ അന്ത്യദിനങ്ങളിലെ പ്രാര്‍ത്ഥനകളെയാണ് പാപ്പാ പരിചിന്തന വിഷയമാക്കിയത്.

“യേശു പ്രാര്‍ത്ഥിച്ചിരുന്നു. ഏറെ പ്രാര്‍ത്ഥിക്കുമായിരുന്നു. അവിടുന്ന് സ്വന്തം ദൗത്യത്തിനിടയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. കാരണം പിതാവുമായുള്ള സംഭാഷണമായിരുന്നു അവിടുത്തെ ശക്തി. പീഡാസഹന മരണങ്ങളുടെ സമയത്ത് യേശുവിന്റെ പ്രാര്‍ത്ഥന കൂടുതല്‍ തീവ്രത പ്രാപിച്ചു. തന്റെ അവസാന പെസഹായുടെ നാളുകളില്‍ യേശു പൂര്‍ണ്ണമായും പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നതായി നാം കാണുന്നു. ഗത്സമേന്‍ തോട്ടത്തില്‍ അവിടുന്ന് നാടകീയമാം വിധം പ്രാര്‍ത്ഥിക്കുന്നു. യേശു ദൈവത്തെ ആബ്ബാ പിതാവേ എന്ന് വിളിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ ഈശോ തന്റെ ഉത്കണ്ഠയെ മറികടക്കുന്നു. കുരിശില്‍ കിടക്കുമ്പോഴും യേശു പ്രാര്‍ത്ഥിക്കുന്നു. അത് ഏറ്റവും ധീരമായ പ്രാര്‍ത്ഥനയാണ്. മറ്റുള്ളവര്‍ക്കു വേണ്ടി, എല്ലാവര്‍ക്കും വേണ്ടി, തന്നെ കുറ്റം വിധിക്കുന്നവര്‍ക്കു വേണ്ടിപ്പോലും അവിടുന്ന് പ്രാര്‍ത്ഥിക്കുന്നു” – പാപ്പാ പറഞ്ഞു.

“പീഢാസഹന മരണങ്ങളുടേതായ നിര്‍ണ്ണായക മണിക്കൂറുകളിലെല്ലാം യേശു പ്രാര്‍ത്ഥിക്കുന്നു. യേശുവിന്റെ പുനരുത്ഥാനത്തോടെ പിതാവ് ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കി. യേശുവിന്റെ പ്രാര്‍ത്ഥന തീവ്രമാണ്. മാത്രമല്ല, നമ്മുടെ പ്രാര്‍ത്ഥനയുടെ മാതൃകയും. യേശു എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു. എനിക്കും നിങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടി അവിടുന്ന് പ്രാര്‍ത്ഥിച്ചു. അതുകൊണ്ട് മനസിലാക്കാം, നമ്മുടെ കഷ്ടപ്പാടുകളുടെ ഏറ്റവും വേദനാജനകമായ അവസ്ഥയില്‍ പോലും നാം ഒരിക്കലും ഒറ്റയ്ക്കല്ല. യേശുവിന്റെ പ്രാര്‍ത്ഥന നമ്മോടൊപ്പമുണ്ട്. ഇപ്പോഴും അവിടുന്ന് പ്രാര്‍ത്ഥന തുടരുന്നു. അത് നമുക്ക് മുന്നോട്ട് പോകാന്‍ അവിടുത്തെ വചനം സഹായിക്കുന്നതിനാണ്. അതുകൊണ്ട് പ്രാര്‍ത്ഥിക്കുക. അവിടുന്ന് നമുക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന് വിശ്വസിക്കുക” – പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.