വി. പോള്‍ ആറാമന്റെ തിരുനാള്‍ ദിനം! ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ

അനുവര്‍ഷം മേയ് 29-ന് ആചരിക്കുന്ന വി. പോള്‍ ആറാമന്‍ പാപ്പായുടെ ഓര്‍മ്മത്തിരുനാളിന് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ. സുവിശേഷദര്‍ശനങ്ങള്‍ വിശാലമനസ്‌കതയോടെ ഉള്‍ക്കൊള്ളാന്‍ വി. പോള്‍ ആറാമന്‍ പാപ്പായുടെ മാതൃക പ്രചോദനമാകട്ടെയെന്നാണ് പാപ്പാ ആശംസിച്ചത്. വിശുദ്ധിയുടെ ഉന്നതിയിലെത്തിയ റോമിന്റെ മെത്രാനാണ് പോള്‍ ആറാമന്‍ എന്നും പാപ്പാ പറഞ്ഞു. 1963 ജൂണ്‍ 21 മുതല്‍ 1978 ആഗസ്റ്റ് 6 വരെയയായിരുന്നു പോള്‍ ആറാമന്‍ പാപ്പാ സഭാനൗകയെ നയിച്ചത്.

ഉത്തര ഇറ്റലിയിലെ കൊണ്‍ചേസിയൊ എന്ന സ്ഥലത്ത് 1897 സെപ്‌ററംബര്‍ 26-നായിരുന്നു പോള്‍ ആറാമന്‍ എന്ന നാമം സ്വീകരിച്ച ജൊവാന്നി ബാത്തിസ്ത എന്റീക്കൊ അന്തോണിയൊ മരിയ മൊന്തീനീയുടെ ജനനം. 1920 മെയ് 29-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹത്തെ പന്ത്രണ്ടാം പീയൂസ് പാപ്പ 1954 നവമ്പര്‍ 1-ന് ആര്‍ച്ചുബിഷപ്പായി നാമനിര്‍ദ്ദേശം ചെയ്തു. മെത്രാഭിഷേകം അക്കൊല്ലം തന്നെ ഡിസംബര്‍ 12-നായിരുന്നു.

1958 ഡിസംബര്‍ 15-ന് ഇരുപത്തിമൂന്നാം ജോണ്‍ പാപ്പാ മൊന്തീനിയെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തി. പിന്നീട് 1963 ജൂണ്‍ 21-ന് ജൊവാന്നി ബാത്തിസ്ത മൊന്തീനി റോമിന്റെ 262-ാമത്തെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. പോള്‍ ആറാമന്‍ എന്ന നാമം സ്വീകരിച്ച കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ അദ്ദേഹത്തിന്റെ സ്ഥാനാരോഹണം 1963 ജൂണ്‍ 30-നായിരുന്നു.

സഭയില്‍ വിപ്ലവാത്മകമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച വി. പോള്‍ ആറാമന്‍ പാപ്പായ്ക്ക് പഞ്ചഭൂഖണ്ഡങ്ങളിലും ഇടയസന്ദര്‍ശനത്തിനെത്തിയ ആദ്യത്തെ പാപ്പാ, വിമാനയാത്ര ചെയ്ത പാപ്പാമാരില്‍ പ്രഥമന്‍ എന്നീ സ്ഥാനങ്ങളുമുണ്ട്. ഇന്ത്യയില്‍ ആദ്യമായി പാദമൂന്നിയ പാപ്പായും വി. പോള്‍ ആറാമനാണ്.

ജനസംഖ്യാവര്‍ദ്ധനവ് എന്ന പ്രശ്നം പരിഹരിക്കാന്‍ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് സന്താനോല്പാദനത്തെ ദാമ്പത്യധര്‍മ്മാനുഷ്ഠാനമായി അവതരിപ്പിച്ച ‘ഹുമാനെ വീത്തെ’ അഥവാ, ‘മനുഷ്യജീവന്‍’ എന്ന വിവാദപരമായ ചാക്രികലേഖനം വി. പോള്‍ ആറാമന്‍ പാപ്പായാണ് പുറപ്പെടുവിച്ചത്. 1968 ജൂലൈ 25-നാണ് ‘ഹുമാനെ വീത്തെ’ പ്രസിദ്ധീകൃതമായത്.

1978 ആഗസ്റ്റ് 6-ന് റോമിനു പുറത്തുള്ള കാസ്‌തെല്‍ ഗന്തോള്‍ഫൊയില്‍ വച്ച് മരണമടഞ്ഞ പോള്‍ ആറാമന്‍ പാപ്പായെ ഫ്രാന്‍സിസ് പാപ്പായാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. 2018 ഒക്ടോബര്‍ 14-നായിരുന്നു വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തില്‍ വിശുദ്ധപദ പ്രഖ്യാപന തിരുക്കര്‍മ്മം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.