ഗ്രീസിൽ, ഓർത്തൊഡോക്സ് സഭാതലവനെയും അഭയാർത്ഥികളെയും സന്ദർശിച്ച് പാപ്പാ

ഫ്രാൻസീസ് പാപ്പാ തൻറെ മുപ്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനത്തിൽ ഏഥൻസിന്റെയും ഗ്രീസിൻറെയും ഓർത്തൊഡോക്സ് മെത്രാപ്പോലീത്ത ഇയെറൊണിമോസ് ദ്വിതീയനുമായി കൂടിക്കാഴ്ച നടത്തി. ഏഥൻസിലെ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് ഏഴ് കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന ഗ്രീക്ക് ഓർത്തൊഡോക്സ് അതിമെത്രാസന മന്ദിരത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

സാഹോദര്യ അരൂപിയോടും ആദരവോടുംകൂടെയാണ് പാപ്പായ്ക്ക് ഗ്രീസിലെ സഭയുടെ ആസ്ഥാനത്ത് ഊഷ്മള വരവേല്പേകുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഗ്രീസിനെ സംബന്ധിച്ചു മാത്രമല്ല, കോവിഡ് 19 മഹാമാരി ലോകത്തിനു തന്നെ പ്രതിസന്ധിയുളവാക്കിയിരിക്കുന്ന ഒരു വേളയിലാണ് പാപ്പായെ തങ്ങൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. സഭയുടെയും ശാസ്ത്രത്തിൻറെയും കൈകോർത്തുള്ള സമാധാനപരമായ നീക്കം ഈ മഹാമാരിയോടുള്ള പോരാട്ടത്തിന് സഹായകമായിട്ടുണ്ടെന്നും സംഭാവനയേകിയിട്ടുണ്ടെന്നും അതു തുടരുന്നുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇന്ന് ലോകത്തിനു ആവശ്യമായിരിക്കുന്നത് എന്താണോ അതിന് ക്രൈസ്തവനേതാക്കളായ നാമെല്ലാവരും ഒത്തൊരുമിച്ച് സാക്ഷ്യം വഹിക്കേണ്ടതിൻറെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങളിൽ പാപ്പാ ചെലുത്തുന്ന പ്രത്യേക ശ്രദ്ധയെക്കുറിച്ച് സൂചിപ്പിച്ച മെത്രാപ്പോലിത്ത അത് സാന്ത്വനദായകമാണെന്ന് പറഞ്ഞു. പാപ്പാ മെത്രാപ്പോലീത്തായ്ക്ക് സമ്മാനം നല്കി. 424 താളുകളുള്ള ‘കോഡെക്സ് പാവുളി’ (CODEX PAULI) ആയിരുന്നു സമ്മാനം. കൂടാതെ ഉണ്ണിയേശുവുമൊത്തുള്ള പരിശുദ്ധ അമ്മയുടെ ചിത്രത്തിൽ അണിയിക്കുന്നതിനുള്ള രണ്ടു കിരീടങ്ങളും പാപ്പാ നല്കി.

കുടിയേറ്റക്കാരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുള്ള മെത്രാപ്പോലീത്ത ഇയെറൊണിമോസ് ദ്വിതീയൻ ലെസ്വോസ് ദ്വീപിലെ മോറിയ അഭയാർത്ഥി പാളയം ഫ്രാൻസീസ് പാപ്പായോടും കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലോമെയൊ ഒന്നാമനോടുമൊപ്പം 2016 ഏപ്രിൽ 16-ന് സന്ദർശിച്ചിട്ടുണ്ട്. ഈ മൂന്നു ക്രൈസ്തവനേതാക്കളും ഒരു സംയുക്ത പ്രഖ്യാപനം തദ്ദവസരത്തിൽ ഒപ്പുയ്ക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.