നല്ല വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമപ്രവര്‍ത്തകരോട് പാപ്പ

വത്തിക്കാന്‍: മോശം വാര്‍ത്തകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത നല്ലതല്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ മുന്നറിയിപ്പ്. വേള്‍ഡ് നാഷണല്‍ കമ്യൂണിക്കേഷന്‍ ദിനാചരണത്തോടനുബന്ധിച്ചുള്ള മാര്‍പാപ്പയുടെ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. മാധ്യമ രംഗം ഇന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ മാധ്യമരംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

”ഒരു വാര്‍ത്തയുടെ പുരോഗതിയ്ക്ക് സമയം ആവശ്യമാണ്. വളരെ പെട്ടെന്ന് വാര്‍ത്തയുടെ സത്യം പുറത്തുകൊണ്ടുവരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സന്ദര്‍ഭത്തിനനുസരിച്ച് വാര്‍ത്തകളുടെ സത്യാവസ്ഥ അറിയാന്‍ ചിലപ്പോള്‍ വളരെ സമയം ആവശ്യമായി വരും,” മാധ്യമപ്രവര്‍ത്തകരിലൊരാളായ ഡെലിയയുടെ വാക്കുകള്‍.

സമൂഹത്തില്‍ ശുഭാപ്തി വിശ്വാസം കൊണ്ടുവരാന്‍ നല്ല വാര്‍ത്തകള്‍ക്ക് സാധിക്കുമെന്നായിരുന്നു പാപ്പയുടെ വാക്കുകള്‍. ”അശുഭകരമായ വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്ന പ്രവണത ഇല്ലാതാകണം. ഓരോ വ്യക്തികളും വാര്‍ത്തകളെ നോക്കിക്കാണുന്നത് വ്യത്യസ്ത കാഴ്ചപ്പാടിലാണ്. എല്ലാവരെയും പ്രത്യാശയിലേക്ക് നയിക്കാന്‍ വാര്‍ത്തകള്‍ക്ക് സാധിക്കണം.” പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു.  നല്ല വാര്‍ത്തകള്‍ക്ക്  വ്യക്തികളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും മാറ്റാന്‍ സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.