മധ്യപൂര്‍വ്വേഷ്യന്‍ മേഖലയിലെ ജനതയ്ക്ക് കരുതലും സ്‌നേഹവും പ്രാര്‍ത്ഥനയും നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ

മധ്യപൂര്‍വ്വേഷ്യന്‍ മേഖലയിലെ സമാധാനത്തിനായി നടത്തിയ പ്രാര്‍ത്ഥനാദിനത്തില്‍ പങ്കെടുത്തും മേഖലയിലെ കത്തോലിക്കാ പാത്രിയാര്‍ക്കീസുമാര്‍ക്ക് കത്തയച്ചും അവരോടുള്ള കരുതലും സ്‌നേഹവും അറിയിച്ച് ഫ്രാന്‍സിസ് പാപ്പാ. സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ കത്തോലിക്കര്‍ ഞായറാഴ്ച ഒത്തുചേര്‍ന്നതിലും ഈ സംരംഭത്തിന് മുന്‍കൈ എടുത്തതിനും അവരുടെ ഇടയന്മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പാപ്പായുടെ കത്ത്. മധ്യ കിഴക്കന്‍ നാടുകളിലെ കത്തോലിക്കാ പാത്രിയാര്‍ക്കീസുമാര്‍ തങ്ങളുടെ മേഖലയെ തിരുക്കുടുംബത്തിന് സമര്‍പ്പണം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് മധ്യപൂര്‍വ്വേഷ്യയുടെ സമാധാനത്തിനായി പ്രത്യേക ദിവ്യബലി അര്‍പ്പണവും തിരുകുടുംബ സമര്‍പ്പണവും നടത്തിയത്. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ മെത്രാന്മാര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ലോകം മുഴുവനുമുള്ള വിശ്വാസികളോടും പ്രദേശത്തിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ഞായറാഴ്ച മധ്യാഹ്ന പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.

സംവാദത്തിനായും സഹോദര്യ സഹവാസത്തിനായും നടത്തുന്ന പരിശ്രമങ്ങളെ കര്‍ത്താവ് താങ്ങിനിറുത്തട്ടെ എന്നും ആ പ്രിയജനത്തിന് ദൈവം എന്നും ശക്തിയും സ്ഥിരതയും ധൈര്യവും നല്‍കട്ടെ എന്നും പാപ്പാ പ്രാര്‍ത്ഥിച്ചു. ഈ മേഖലയിലേക്ക് നടത്തിയ അപ്പോസ്‌തോലിക സന്ദര്‍ശനങ്ങളും തന്റെ കത്തില്‍ പാപ്പാ അനുസ്മരിച്ചു. വിശുദ്ധനാട്ടിലേക്ക് നടത്തിയ തീര്‍ത്ഥാടനം മുതല്‍ അവരുടെ സഹനങ്ങളില്‍ സമീപസ്ഥനായിരിക്കാന്‍ താന്‍ പരിശ്രമിച്ചിരുന്നെന്നും സിറിയയെയും ലബനോനേയും പ്രാര്‍ത്ഥനയിലൂടെയും സഹായങ്ങളിലൂടെയും പിന്‍തുണയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതും പാപ്പാ ഓര്‍ത്തു.

ഞായറാഴ്ച മധ്യകിഴക്കന്‍ മേഖലയെ സമര്‍പ്പണം ചെയ്ത യേശുവിന്റെയും മറിയത്തിന്റെയും യൗസേപ്പിന്റെയും തിരുക്കുടുംബത്തെക്കുറിച്ച് ധ്യാനിച്ച പരിശുദ്ധ പിതാവ് മധ്യകിഴക്കന്‍ കത്തോലിക്കരുടെ അനന്യതയും പ്രേഷിതത്വവുമാണ് തിരുക്കുടുംബം പ്രതിനിധാനം ചെയ്യുന്നത് എന്ന് ഓര്‍മ്മിപ്പിച്ചു. തിരുക്കുടുംബത്തോടുള്ള സമര്‍പ്പണം വഴി എത്രമാത്രം തങ്ങളുടെ വിളി പൂര്‍ത്തീകരിക്കാന്‍ സഹായിക്കുമെന്ന് തിരിച്ചറിയാന്‍ അവിടുത്തെ ഓരോ സമൂഹത്തിലേയും കത്തോലിക്കരോടും പാപ്പാ ആവശ്യപ്പെട്ടു.

മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവര്‍ നില്‍നില്‍പ്പിനായി ഇന്നു കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഈ പശ്ചാത്തലത്തിലാണ് മധ്യപൂര്‍വ്വേഷ്യയെ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സംരക്ഷണത്തിന് ഔദ്യോഗികമായി സമര്‍പ്പിക്കാന്‍ സഭ തീരുമാനമെടുത്തത്. ഇതിനു പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.