ഫ്രാൻസിസ് പാപ്പാ ഒരാഴ്ച ആശുപത്രിയിൽ തുടരും: വത്തിക്കാൻ

വൻകുടലിലെ ശസ്ത്രക്രിയക്കു ശേഷം ഫ്രാൻസിസ് പാപ്പാ ആരോഗ്യവാനായിരിക്കുന്നു എന്നും ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും വത്തിക്കാൻ അറിയിച്ചു. വത്തിക്കാൻ വക്താവ് മെറ്റെയോ ബ്രൂണി ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

വൻകുടലിൽ രൂപപ്പെട്ട ചെറിയ മുഴകൾ കൊണ്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ജൂലൈ നാലാം തീയതി റോമിലെ ജെമേലി ആശുപത്രിയിൽ പാപ്പായെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. വൻകുടലിനുണ്ടായ വീക്കത്തെ തുടർന്ന് മുൻപ് നിശ്ചയിച്ചപ്രകാരമായിരുന്നു പാപ്പാ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

വരുന്ന ഒരു മാസത്തേയ്ക്കുള്ള പാപ്പായുടെ പൊതുപരിപാടികൾ വത്തിക്കാൻ റദ്ദാക്കിയിരുന്നു. പാപ്പായുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിച്ചിരുന്ന പേർസണൽ ഡോക്ടറും പ്രശസ്ത കൊളോ റെക്ടറൽ സർജനുമായ ഡോ. സെർജിയോ അൽഫെരിയുമടക്കം ആറു ഡോക്ടർമാരായിരുന്നു ശസ്ത്രക്രിയാ സമയത്ത് ഉണ്ടായിരുന്നത്. ഫ്രാൻസിസ് പാപ്പാ ഇതിനു മുൻപ് 2019 -ൽ തിമിര ശസ്ത്രക്രിയക്കും വിധേയനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.