പത്തു വയസുകാരന്റെ അപ്രതീക്ഷിത സന്ദർശനം; അരികിലിരിക്കാൻ ക്ഷണിച്ച് പാപ്പാ

ഒക്ടോബർ 20 ബുധനാഴ്ച, വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന പൊതുസന്ദർശന വേളയിൽ, പത്ത് വയസുള്ള ഒരു കുട്ടിയുടെ അപ്രതീക്ഷിത സന്ദർശനവും അവന്റെ അഭിവാദ്യവും പാപ്പാ സ്വീകരിച്ചു. അരികിലിരിക്കാൻ ക്ഷണിച്ചുകൊണ്ടാണ് പാപ്പാ അവനെ സ്വീകരിച്ചത്.

പരിശുദ്ധ പിതാവിന്റെ ജനറൽ ഓഡിയൻസിന്റെ തുടക്കത്തിൽ ആണ് സംഭവം. കുട്ടിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വത്തിക്കാൻ നൽകിയിട്ടില്ല. ഈ കുട്ടി, പടികൾ കയറി പരിശുദ്ധ പിതാവിനെ അഭിവാദ്യം ചെയ്യാൻ നേരിട്ട് ചെല്ലുകയായിരുന്നു. മാർപ്പാപ്പയും കുട്ടിയും കൈകോർത്തു പിടിക്കുകയും പാപ്പാ പുഞ്ചിരിച്ചുകൊണ്ട് അരികിൽ ഇരിക്കാൻ ക്ഷണിക്കുകയുമായിരുന്നു.

അതിനെ തുടർന്ന് ബിഷപ്പ് ലിയോനാർഡോ സപിയാൻസ എഴുന്നേൽക്കുകയും തന്റെ സീറ്റ് കുട്ടിക്ക് നൽകുകയും ചെയ്തു. അതുകണ്ട വിശ്വാസികൾ അഭിനന്ദക സൂചകമായി കൈയടിച്ചു.

ഫ്രാൻസിസ് പാപ്പായുടെ തൊപ്പി കിട്ടാനായിരുന്നു കുട്ടിയുടെ അടുത്ത ആഗ്രഹം. ഏതായാലും ഒരു തൊപ്പിയണിഞ്ഞായിരുന്നു പാപ്പായുടെ അടുത്തുനിന്നും അവന്റെ മടക്കം.

പിന്നീട്, ഫ്രാൻസിസ് പാപ്പാ തന്റെ പ്രസംഗത്തിൽ, ഭയരഹിതരായി ഈശോയുടെ അടുക്കൽ ചെന്ന കുട്ടികളുടെ സംഭവം പരാമർശിക്കുകയും, സ്വാതന്ത്ര്യത്തോടെ ദൈവത്തിന്റെ അടുത്തേയ്ക്കു കുട്ടികളെപ്പോലെ നമ്മളും ചെല്ലണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.