പുറമേയുള്ള മതവിശ്വാസം അപകടകരം: ഫ്രാൻസിസ് പാപ്പാ

ഹൃദയത്തെ ശുദ്ധീകരിക്കുന്നതിൽ പിന്നോക്കം നിന്നുകൊണ്ട് പുറമേ വിശ്വാസജീവിതം നയിക്കുന്നത് അപകടകരമെന്ന് ഫ്രാൻസിസ് പാപ്പാ. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഓർമ്മിപ്പിച്ചത്.

“ബാഹ്യമായ ഭക്തിപ്രകടനത്തോടു കൂടി ദൈവത്തെ പ്രസാദിപ്പിക്കാൻ എപ്പോഴും പ്രലോഭനം ഉണ്ടാകും. എന്നാൽ യേശു ഈ ആരാധനയിൽ ഒരിക്കലും തൃപ്തനാകില്ല. കർത്താവിന് ബാഹ്യത എന്നൊന്നില്ല. ഹൃദയത്തിൽ നിന്നെത്തുന്ന വിശ്വാസമാണ് അവിടുന്ന് എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ നാം പലപ്പോഴും ഹൃദയത്തെ മറച്ചുവയ്ക്കുന്നു” – പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി.

“തിന്മ വരുന്നത് പ്രധാനമായും പുറത്തു നിന്നാണ്. മറ്റുള്ളവരുടെ പെരുമാറ്റത്തിൽ നിന്ന്, നമ്മെക്കുറിച്ച് മോശമായി ചിന്തിക്കുന്നവരിൽ നിന്ന്, സമൂഹത്തിൽ നിന്ന്, നമുക്ക് സംഭവിക്കുന്ന എല്ലാത്തിനും നാം മറ്റുള്ളവരെയും സമൂഹത്തെയും കുറ്റപ്പെടുത്തുന്നു. എന്നാൽ മറ്റുള്ളവരെ കുറ്റപ്പെടുത്തി സമയം ചിലവഴിക്കുന്നത് വെറുതെയാണ്. നിങ്ങളുടെ പരാതിയിൽ നിങ്ങൾക്ക് യഥാർത്ഥത്തിൽ മതവിശ്വാസിയാകാൻ കഴിയില്ല. തിന്മ എന്ന വിഷം പരാതിപ്പെടുമ്പോൾ അത് ദൈവത്തിങ്കലേക്കുള്ള വാതിലുകൾ അടക്കുന്നു” – പാപ്പാ പറഞ്ഞു. പുറത്തു നിന്നുള്ള ഒന്നും മനുഷ്യനെ അശുദ്ധനാക്കുന്നില്ല, മറിച്ച് ഉള്ളിൽ നിന്ന്, ഹൃദയത്തിൽ നിന്ന് വരുന്നതാണ് ഒരുവനെ മോശമാക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.