അഭയാര്‍ത്ഥികളുടെയിടയില്‍ ശുശ്രൂഷ ചെയ്യുന്ന സിസ്‌റ്റേഴ്‌സിനെ അഭിനന്ദിച്ച് മാര്‍പാപ്പ

യുഎസില്‍ അഭയം തേടിയെത്തുന്ന ലാറ്റിനമേരിക്കന്‍ അഭയാര്‍ത്ഥികളുടെ ഇടയില്‍ സേവനം ചെയ്യുന്ന സി. നോര്‍മ പിമെന്റലിന് അയച്ച സന്ദേശത്തിലാണ് പാപ്പാ, സിസ്റ്ററിനെയും അവരോടൊപ്പം ജോലി ചെയ്യുന്ന അനേകരേയും അഭിനന്ദിച്ചത്. മിഷനറി ഓഫ് ജീസസ് സഭാംഗവും റിയോ ഗ്രാന്‍ഡ് വാലിയിലെ കാത്തലിക് ചാരിറ്റീസ് വിഭാഗത്തിന്റെ ഡയറക്ടറുമാണ് സി. നോര്‍മ.

മെക്‌സിക്കോയുടെ അതിര്‍ത്തി പ്രദേശത്ത് തങ്ങള്‍ ചെയ്തുവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ട് സി. നോര്‍മ മെയ്‌ മൂന്നാം തീയതി പാപ്പായ്ക്ക് കത്തയച്ചിരുന്നു. ആ കത്തിന് മറുപടിയായാണ് അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പാപ്പാ വീഡിയോ സന്ദേശം അയച്ചത്.

“താങ്കളും സഹപ്രവര്‍ത്തകരും ചെയ്തുവരുന്നത് വലിയ കാര്യമാണ്. മികച്ച ജീവിതം തേടിയെത്തുന്നവര്‍ക്ക് നിങ്ങള്‍ നല്‍കുന്ന കരുതലും പരിചരണവും സ്‌നേഹവും വിലമതിക്കാനാവാത്തതാണ്. നന്ദി സിസ്റ്റര്‍, നിങ്ങള്‍ക്കും നിങ്ങളുടെ മുഴുവന്‍ ടീമിനും നന്ദി. സ്വാഗതം ചെയ്യപ്പെടേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരും കൂടെക്കൂട്ടേണ്ടവരുമാണ് അഭയാര്‍ത്ഥികളായെത്തുന്നവര്‍. കൂടുതല്‍ അന്തസ്സോടെ ജീവിക്കുന്നതിനുവേണ്ടിയാണ് പലരും എത്തുന്നത്. അവര്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന പരിഗണനയും ബഹുമാനവും അഭിനന്ദനം അര്‍ഹിക്കുന്നു. ഇവിടെയായിരുന്നുകൊണ്ട് നിങ്ങളുടെ ഉദ്യമത്തില്‍ ഞാനും പങ്കുചേരുന്നു. നിങ്ങള്‍ക്കുവേണ്ടിയും നിങ്ങളുടെ ശുശ്രൂഷ സ്വീകരിക്കുന്നവര്‍ക്കുവേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു” – പാപ്പാ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

കൗണ്‍സിലിംഗ് സര്‍വ്വീസുകളും അടിയന്തര സഹായപദ്ധതികളും പ്രെഗ്നന്‍സി കൗണ്‍സിലിംഗ് സെന്ററുകളുമെല്ലാം അഭയാര്‍ത്ഥികള്‍ക്കായി സിസ്റ്റേഴ്‌സ് നല്‍കിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.