പ്രകാശവും പ്രത്യാശയും സൗഖ്യവും മോചനവും ഇന്ന് നമുക്കാവശ്യം: മാര്‍പാപ്പ

പ്രകാശവും പ്രത്യാശയും സൗഖ്യവും മോചനവും ഇന്നത്തെ ലോകത്തിലും ജീവിതത്തിലും നമുക്കാവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആഗോളതലത്തില്‍ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ മാധ്യമങ്ങളിലൂടെ മെയ് 8 ശനിയാഴ്ച രാത്രി അവതരിപ്പിച്ച ‘വാക്‌സ് ലൈവ്’ (Vax Live) എന്ന സംഗീത-നൃത്ത പരിപാടിയോടനുബന്ധിച്ച് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

കോവിഡ്-19 വൈറസിന്റെ കാര്യത്തിലും ലോകത്തെ ബാധിച്ചിരിക്കുന്ന മറ്റ് വൈറസുകളായ വ്യക്തിമാഹാത്മ്യവാദത്തിന്റേയും തീവ്രദേശീയവാദത്തിന്റേയും കാര്യത്തിലും ആഴമായ സൗഖ്യം എല്ലാവരിലും ഉണ്ടാവേണ്ടതുണ്ടെന്ന് പാപ്പാ വിലയിരുത്തി.

നിങ്ങളെപ്പോലെ നൃത്തം ചെയ്യുകയോ പാട്ട് പാടുകയോ ഇല്ലെങ്കിലും അനീതിയും തിന്മയും കീഴടക്കാനാവാത്തതല്ല എന്ന് നിങ്ങളെപ്പോലെ തന്നെ വിശ്വസിക്കുന്ന ഈ വൃദ്ധന്റെ ആശംസകള്‍ സ്വീകരിച്ചാലും എന്നും വീഡിയോ സന്ദേശത്തില്‍ പാപ്പാ പറഞ്ഞു. “അന്ധകാരവും അനശ്ചിതത്വവും നിറഞ്ഞിരിക്കുന്ന ഈ സമയത്ത്, പ്രകാശവും പ്രത്യാശയുമാണ് നമുക്കാവശ്യം. സൗഖ്യത്തിന്റേയും മോചനത്തിന്റേയും വഴിയാണ് നമുക്കാവശ്യം. സൗഖ്യം വേണ്ടത്, വേരുകളില്‍ നിന്നാണ്. തിന്മയെ വേരോടെ ഇല്ലാതാക്കാന്‍ കഴിയണം. അതുപോലെ തന്നെ സമൂഹത്തിലെ ഏറ്റവും അശരണരായവരേയും നമുക്ക് മറക്കാതിരിക്കാം” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

മഹാമാരിയെപ്പോലെ തന്നെ സമൂഹത്തിന് ഭീഷണിയാകുന്ന വ്യക്തിമാഹാത്മ്യവാദം, തീവ്രദേശീയവാദം എന്നിവയേയും വേരോടെ ഇല്ലാതാക്കണമെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, സര്‍വ്വശക്തനായ ദൈവം വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയും ഈ ലോകം വിട്ടു പോയവരെ സ്വീകരിക്കുകയും ചെയ്യുമാറാകട്ടെയെന്നും ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.