സത്യാന്വേഷകരാകാന്‍ വത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ പ്രോത്സാഹനം

മെയ് 24 തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോ കേന്ദ്രം, ദിനപത്രം ‘ഒസര്‍വത്തോരെ റൊമാനോ’ എന്നീ വിഭാഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ ആദ്യമായി സന്ദര്‍ശിച്ചു. സന്ദര്‍ശനവേളയില്‍ പരിചയപ്പെട്ട മാധ്യമപ്രവര്‍ത്തകരെ സത്യാന്വേഷകരാകാന്‍ പാപ്പാ ക്ഷണിക്കുകയും ചെയ്തു. സത്യത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും സത്യത്തെ കണ്ടുമുട്ടാനും മുന്‍വിധികളോ തെറ്റിദ്ധാരണകളോ കൂടാതെ അവയെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയട്ടെയെന്നും പാപ്പാ ആശംസിച്ചു.

വത്തിക്കാന്‍ റേഡിയോയുടെ 90-ാം വാര്‍ഷികവും വത്തിക്കാന്റെ ദിനപത്രം ‘ഒസര്‍വത്തോരെ റൊമാനോ’യുടെ 160-ാം വാര്‍ഷികവും പ്രമാണിച്ചാണ് ആസ്ഥാനമായ ‘പലാസ്സോ പിയോ’ കേന്ദ്രം പാപ്പാ സന്ദര്‍ശിച്ചത്. വത്തിക്കാന്‍ റേഡിയോ, വത്തിക്കാന്‍ ടെലിവിഷന്‍, ദിനപത്രം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നത് ‘പലാസ്സോ പിയോ’ കേന്ദ്രത്തിലാണ്.

വത്തിക്കാനില്‍ നിന്നുമുള്ള രാജവീഥിയോട് ചേര്‍ന്നുകിടക്കുന്ന ‘പലാസ്സോ പിയോ’ മന്ദിരത്തില്‍ തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിക്ക് പാപ്പാ എത്തിച്ചേര്‍ന്നു. പാപ്പായുടെ സന്ദര്‍ശനം ഏകദേശം ഒന്നര മണിക്കൂര്‍ മാത്രമായിരുന്നു. ഇതിനിടെ വത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പാപ്പാ അഭിസംബോധന ചെയ്തു സംസാരിക്കുകയും വത്തിക്കാന്‍ റേഡിയോ, ടെലിവിഷന്‍, പത്രം എന്നിവയ്ക്കായ് അഭിമുഖം നല്‍കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.