യുദ്ധങ്ങള്‍ ഇല്ലാത്ത ഒരു ലോകമെന്ന സ്വപ്നം ഉപേക്ഷിക്കരുതെന്ന് മാര്‍പാപ്പാ

ജൂണ്‍ 28-ന് പ്രസിദ്ധീകരിച്ച ‘ഭൂമിയില്‍ സമാധാനം. സാഹോദര്യം സാധ്യം.’ (Peace on Earth. Fraternity is Possible) എന്ന പുസ്തകത്തില്‍ ഫ്രാന്‍സിസ് പാപ്പാ എഴുതിയ ഒരു ലേഖനത്തില്‍, യുദ്ധങ്ങള്‍ ഇല്ലാത്ത ലോകത്തെക്കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങളും പാപ്പാ വിവരിക്കുന്നുണ്ട്. വത്തിക്കാന്‍ ലൈബ്രറി പ്രസിദ്ധീകരണത്തിന്റെ ‘ദാനങ്ങളുടെ കൈമാറ്റം’ എന്ന ഈ വാല്യം സമാധാനത്തേയും സാഹോദര്യത്തേയും കുറിച്ചുള്ള പാപ്പായുടെ വാക്കുകളുടേയും പ്രസംഗങ്ങളുടേയും ഒരു സമാഹാരമാണ്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കായ തവദ്രോസ് രണ്ടാമനാണ് ഇതിന്റെ ആമുഖം എഴുതിയിരിക്കുന്നത്.

യുദ്ധങ്ങളുമായി സമാധാനപൂര്‍വ്വകമായ സഹവര്‍ത്തിത്വം സാധ്യമല്ല എന്ന് ഫ്രാന്‍സിസ് പാപ്പാ ലേഖനത്തില്‍ പറഞ്ഞു. അങ്ങനെയല്ലെങ്കില്‍ അത് മന:സാക്ഷിയുടെ ബുദ്ധിമാന്ദ്യമാണെന്നും പലപ്പോഴും ഈ ബുദ്ധിമാന്ദ്യം യുദ്ധങ്ങളില്ലാത്ത രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്നും അവരെ സ്പര്‍ശിക്കുന്നത് കുറച്ചഭയാര്‍ത്ഥികളുടെ വരവ് മാത്രമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

യുദ്ധഭീഷണിയാലും അക്രമണങ്ങളാലും സ്വന്തം നാടും വീടും വിടാന്‍ നിര്‍ബന്ധിതരായ മനുഷ്യരില്‍ നിന്ന് തുടങ്ങിയ പാപ്പാ അവരുടെ ന്യായമായ ആഗ്രഹം പലപ്പോഴും ചവിട്ടിമെതിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും ചൂണ്ടിക്കാണിച്ചു. രണ്ടാം ലോകമഹായുദ്ധം അനുഭവിച്ച തലമുറ ഇല്ലാതാകുന്നതോടെ ചരിത്രത്തില്‍ നിന്നു പഠിച്ച പാഠങ്ങള്‍ നാം മറന്നു പോകുന്നെന്നും അത് മുന്‍ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

യുദ്ധം കാരണം അനേകരുടെ സഹനത്തിന് നാം കുറ്റക്കാരല്ലേ, മാനവകുലത്തിന്റെ നില അപകടകരമാക്കുന്നതിനെ കുറിച്ച് ബോധവാന്മാരാണോ? അശ്രദ്ധരും, സ്വന്തം താല്പര്യത്തില്‍ മുഴുകുന്നവരുമല്ലേ നാം എന്നു തുടങ്ങുന്ന ചോദ്യങ്ങളും പാപ്പാ ലേഖനത്തിലൂടെ ഉന്നയിച്ചു.

നിസ്സംഗത യുദ്ധത്തിന്റെ കൂട്ടാളിയാണ് എന്ന് അടിവരയിട്ട പാപ്പാ സ്വന്തം താല്പര്യങ്ങള്‍ക്കായി സമാധാനം നശിപ്പിച്ചു കൊണ്ട് ശരിയായ യുദ്ധം നടത്തുന്ന മാഫിയയെയും കുറ്റകൃത്യങ്ങളെയും അപലപിക്കുകയും അക്രമങ്ങളെ അക്രമങ്ങള്‍ കൊണ്ട് പ്രത്യുത്തരിക്കരുതെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ജോലി ഉറപ്പാക്കാനെന്ന വ്യാജേന നടത്തുന്ന ആയുധവ്യാപാരം നീതീകരിക്കാനാവില്ല എന്നും അത് നിര്‍ത്തിവയ്ക്കണമെന്നും പാപ്പാ തറപ്പിച്ചു പറഞ്ഞു. അവസാനമായി അടിമത്തത്തിന്റെ കാര്യത്തിലെന്നതുപോലെ യുദ്ധവും ഇല്ലാതാക്കാന്‍ കഴിയുമെന്നും യുദ്ധങ്ങള്‍ ഇല്ലാത്ത ഒരു ലോകമെന്ന സ്വപ്നം ഉപേക്ഷിക്കരുതെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.