ദുരന്തവും തിന്മയുമായ വംശീയതയ്‌ക്കെതിരെ കണ്ണടയ്ക്കാനാവില്ല; മാര്‍പാപ്പ

വര്‍ഗ്ഗീയതയുടെയൊ പുറന്തള്ളലിന്റേയൊ ഒരു രൂപവും വച്ചുപൊറുപ്പിക്കാനൊ അതിനു നേരെ കണ്ണടയ്ക്കാനൊ മനുഷ്യജീവന്റെ പവിത്രത സംരക്ഷിക്കാതിരിക്കാനോ നമുക്കാകില്ല എന്ന് പാപ്പാ. ബുധനാഴ്ച വത്തിക്കാനില്‍ തന്റെ പഠനമുറിയില്‍ നിന്നു നടത്തിയ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിനുശേഷം ഫ്രാന്‍സിസ് പാപ്പാ, ആമേരിക്കന്‍ ഐക്യനാടുകളില്‍ ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ ദാരുണ മരണത്തെത്തുടര്‍ന്ന് അന്നാട്ടില്‍ സാമൂഹ്യക്രമസമാധാന നില തകര്‍ന്നിരിക്കുന്നത് അനുസ്മരിക്കുകയും ആശങ്കയും ഖേദവും രേഖപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു.

അമേരിക്കന്‍ ഐക്യനാടുകളിലെ മിന്നെയാപൊളിസില്‍ മെയ് 25നാണ് വെളുത്ത വര്‍ഗ്ഗക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ്ജ് ഫ്‌ലോയിഡിനെ അറസ്റ്റുചെയ്യുകയും കഴുത്തില്‍ മുട്ടുകാല്‍ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. 8 മിനിറ്റും 46 സെക്കന്റും ആണ് പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിപ്പിടിച്ചത്.

ഈ കൊലപാതകത്തെ തുടര്‍ന്ന് പ്രതിഷേധം അക്രമാസക്തമായിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ, സ്വയം നശിപ്പിക്കുന്നതും സ്വയം മുറിപ്പെടുത്തുന്നതുമാണ് ഇക്കഴിഞ്ഞ രാത്രികളില്‍ ഉണ്ടായ ആക്രമണങ്ങളെന്നും, വാസ്തവത്തില്‍ അതിക്രമങ്ങള്‍ വഴി നേട്ടമല്ല നഷ്ടമാണ് ഉണ്ടാകുകയെന്നും പറഞ്ഞു.

വര്‍ഗ്ഗീയത എന്ന പാപം ജീവനെടുത്ത ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെയും മറ്റെല്ലാവരുടെയും ആത്മശാന്തിക്കായി, അമേരിക്കന്‍ ഐക്യനാടുകളില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ താന്‍ പങ്കുചേരുന്നുവെന്നും പാപ്പാ പറഞ്ഞു. ഹൃദയം തകര്‍ന്ന കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സാന്ത്വനം ലഭിക്കുന്നതിനും ദേശീയ അനുരഞ്ജനത്തിനും നാമെല്ലാവരും ദാഹിക്കുന്ന സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

അമേരിക്കയിലും ലോകത്തിലും സമാധാനത്തിനും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടി അമേരിക്കയുടെ മാതാവായ ഗ്വാഡലൂപെ നാഥയുടെ മാദ്ധ്യസ്ഥ്യം പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു. അമേരിക്കയില്‍ ഉയരുന്ന കറുത്ത വര്‍ഗ്ഗക്കാരുടെ നീതിക്കായുള്ള കരച്ചിലിനെ വാക്കുകളില്‍ പിന്‍തുണച്ചപ്പോഴും അഹിംസയുടെയും സമാധാനത്തിന്റെയും മാര്‍ഗ്ഗം കൈക്കൊള്ളണമെന്ന് പാപ്പാ ഹ്രസ്വസന്ദേശത്തിലൂടെ ഉദ്‌ബോധിപ്പിച്ചു.

‘ഏതു വിധത്തിലുമുള്ള വംശീയതയ്ക്കും പാര്‍ശ്വവത്ക്കരണത്തിനും നേരെ നമുക്കു കണ്ണടയ്ക്കാനാവില്ല. എന്നാല്‍ അക്രമം ആത്മഹത്യാപരവും സ്വയം പരാജയപ്പെടുത്തലുമാണ്. അക്രമംകൊണ്ട് നാം ഒന്നും നേടുകയില്ല. എന്നാല്‍ എത്ര അധികമാണ് അതുവഴി നമുക്കു നഷ്ടമാകുന്നത്? അതിനാല്‍ അനുരഞ്ജനത്തിനും സമാധാനത്തിനുമായി നമുക്കു പ്രാര്‍ത്ഥിക്കാം.’ പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.