മറ്റുള്ളവരുടെ മൗലികാവകാശങ്ങൾ ബഹുമാനിക്കുക: ഫ്രാൻസിസ് പാപ്പാ

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ മറ്റുള്ളവരുടെ മൗലികാവകാശങ്ങൾ ബഹുമാനിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഓരോരുത്തരുടേയും പ്രത്യേകിച്ച്, സമൂഹം കണ്ടില്ലെന്നു നടിക്കുന്ന ആളുകളുടെ മൗലികാവകാശങ്ങൾ ബഹുമാനിക്കപ്പെടുന്നതിന് ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നമ്മുടേതായ സഹായസഹകരണങ്ങൾ നൽകാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

വിശപ്പും ദാഹവും അനുഭവിക്കുന്നവരും രോഗികളും അന്യദേശികളും തടവുകാരുമായ ഇങ്ങനെയുള്ള മനുഷ്യരെ സമൂഹം പലപ്പോഴും നിഷ്‌കാസനം ചെയ്‌തിട്ടുള്ളവരാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ലോകമെമ്പാടും മനുഷ്യാവകാശദിനം ആഘോഷിക്കുന്ന വേളയിൽ മനുഷ്യാവകാശദിനം (#HumanRightsDay) എന്ന ഹാഷ്‌ടാഗോടു കൂടി ഡിസംബർ 10 -ന് ട്വിറ്ററിലൂടെയാണ് പാപ്പാ ഈ സന്ദേശം നൽകിയത്.

1948 -ൽ ഐക്യരാഷ്ട്ര സഭയാണ് മനുഷ്യാവകാശദിനം സ്ഥാപിച്ചത്. മനുഷ്യാവകാശങ്ങളുടെ സർവ്വത്രിക പ്രഖാപനത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും ഡിസംബർ 10 -ന് ഈ ദിനം ആചരിക്കപ്പെടുന്നത്. വംശം, നിറം, മതം, ലിംഗഭേദം, ഭാഷ, രാഷ്ട്രീയ അല്ലെങ്കിൽ മറ്റ് അഭിപ്രായങ്ങൾ, ദേശീയ അല്ലെങ്കിൽ സാമൂഹിക ഉത്ഭവം, സ്വത്ത്, ജനനം അല്ലെങ്കിൽ മറ്റ് പദവികൾ എന്നിവ പരിഗണിക്കാതെ – ഒരു മനുഷ്യനെന്ന നിലയിൽ എല്ലാവർക്കും അർഹമായ അനിഷേധ്യമായ അവകാശങ്ങൾ മാനിക്കപ്പെടാൻ വേണ്ടിയാണ് ഐക്യരാഷ്ട്രസഭ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.

അസമത്വത്തിനെതിരെയാണ് 2021 -ലെ മനുഷ്യാവകാശദിനം പ്രത്യേകമായി ശ്രദ്ധ കൊടുത്തിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.