സാമ്പത്തികരംഗത്തെ നീതിക്കായി അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ

മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ നവമായ ലോകസാമ്പത്തിക സംവിധാനങ്ങള്‍ക്ക് രൂപം നല്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. ഏപ്രില്‍ 5 മുതല്‍ 11 വരെ തീയതികളില്‍ വാഷിങ്ടണില്‍ സമ്മേളിച്ചിരിക്കുന്ന വാര്‍ഷിക വസന്തകാല സംഗമത്തെ അഭിസംബോധന ചെയ്ത്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്‌സണ്‍ വഴി നല്കിയ കത്തിലൂടെയാണ് പാപ്പാ ഈ ആവശ്യം ഉന്നയിച്ചത്.

മഹാവ്യാധിയുടെ പിടിയില്‍ ലോകം നവമായ സാമൂഹിക-സാമ്പത്തിക, പാരിസ്ഥിക, രാഷ്ട്രീയപ്രതിസന്ധികള്‍ നേരിടുന്ന കാലമാണിതെന്നും അതിനാല്‍ ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളെ ഉള്‍ക്കൊള്ളുന്ന വീണ്ടെടുപ്പിന്റെ മാതൃകയുള്ള വ്യക്തികളുടെയും സമൂഹങ്ങളുടെയും അടിസ്ഥാനപരവും അടിയന്തിരവുമായ ആവശ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതും പൊതുനന്മ ലക്ഷ്യം വയ്ക്കുന്നതുമായ സാമ്പത്തിക നയങ്ങള്‍ക്ക് രൂപം നല്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

സമൂഹത്തിന്റെ അതിരുകളില്‍ ആരുടെയും കുറ്റം കൊണ്ടുമല്ലാതെ ജീവിക്കേണ്ടിവരുന്ന പാവങ്ങളും നമ്മുടെ സഹോദരങ്ങളാണെന്ന് പാപ്പാ വിശദീകരിച്ചു. അതിനാല്‍ ഒറ്റയ്ക്കു രക്ഷപ്പെടാം, അല്ലെങ്കില്‍ കുറച്ചു പേര്‍ക്കു രക്ഷപ്പെടാം എന്നു ചിന്തിക്കുന്നതിനേക്കാള്‍ എല്ലാവരും രക്ഷപ്പെടണം എന്നാണ് ഈ മഹാവ്യാധി നമ്മെ പഠിപ്പിക്കുന്നതെന്ന് പാപ്പാ കത്തിലൂടെ ഉദ്‌ബോധിപ്പിച്ചു. അതിനായി നവവും ക്രിയാത്മകവുമായ സാമൂഹിക-രാഷ്ട്രീയ സാമ്പത്തിക പങ്കാളിത്തം സൃഷ്ടിക്കേണ്ടിയിരിക്കുന്നുവെന്നും പാപ്പാ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.