റഷ്യൻ ഓർത്തഡോക്‌സ് പാത്രിയാർക്കീസിനെ വീണ്ടും സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ

റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ തലവനായ മോസ്‌കോയിലെ പാത്രിയാർക്കീസ് ​​കിറില്ലുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് ഫ്രാൻസിസ് പാപ്പാ. ഡിസംബർ ആറിന് ഗ്രീസിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിനിടെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

പാത്രിയർക്കീസ് ​​കിറില്ലുമായുള്ള ഒരു കൂടിക്കാഴ്ച താമസിയാതെ ഉണ്ടാകും. കൂടിക്കാഴ്ചക്കായി മോസ്കോ ഉൾപ്പെടെ എവിടെയും യാത്ര ചെയ്യാനുള്ള സന്നദ്ധത ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ചു. ‘പ്രോട്ടോക്കോളുകൾ’ എന്നതിലുപരി പാത്രിയർക്കീസ് തന്റെ സഹോദരനാണെന്നതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഓർത്തഡോക്സ് പ്രാതിനിധ്യമുള്ള രണ്ട് മെഡിറ്ററേനിയൻ രാജ്യങ്ങളായ സൈപ്രസിലെയും ഗ്രീസിലെയും അഞ്ച് ദിവസത്തെ സന്ദർശനത്തിനൊടുവിലാണ് പാപ്പാ ഇപ്രകാരം വെളിപ്പെടുത്തിയത്.

സൈപ്രസിലെയും ഗ്രീസിലെയും കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും സമ്പൂർണ്ണ ഐക്യത്തിനായി തുടർന്നും പരിശ്രമിക്കണമെന്ന തന്റെ ആഗ്രഹത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു.

2016 -ൽ ക്യൂബയിൽ വച്ച് പാത്രിയാർക്കീസ് ​​കിറില്ലുമായി ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ ഒരു കൂടിക്കാഴ്ച നടന്നിരുന്നു. ഈ സന്ദർശനം 1,000 വർഷത്തിനിടെ റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവനുമായി ഒരു മാർപാപ്പ നടത്തുന്ന ആദ്യ കൂടിക്കാഴ്ച ആയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.