മറ്റുള്ളവർക്ക് സമീപസ്ഥരും സുവിശേഷത്തിന്റെ പ്രചാരകരും ആകുക: ഫ്രാൻസിസ് പാപ്പാ

മറ്റുള്ളവർക്ക് സമീപസ്ഥരും സുവിശേഷത്തിന്റെ പ്രചാരകരകരും ആകുക എന്ന് ഫ്രാൻസിസ് പാപ്പാ. ‘ഇറ്റാലിയൻ കത്തോലിക്കാ പ്രവർത്തനങ്ങൾ’ (Azione Cattolica Italiana) എന്ന പേരിലുള്ള ഇറ്റലിയിലെ യുവജനങ്ങൾക്കുവേണ്ടിയുള്ള സംഘടനയിലെ അംഗങ്ങളോടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. പ്രഭാഷണത്തിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

വ്യക്തികളും വിശ്വാസവും

ഓരോ വ്യക്തികളും അതുല്യരാണെന്നും, ഒരാളും മറ്റൊരാളെപ്പോലെയല്ലെന്നും ഓർമ്മിപ്പിച്ച പാപ്പാ, ചരിത്രത്തിൽ ഒരാളും മറ്റൊരാൾക്ക് തുല്യമായിരിക്കില്ല എന്നും, നിങ്ങളോരോരുത്തരും അതുല്യവും ആവർത്തിക്കാനാവാത്തതുമായ സൗന്ദര്യമാണ് എ എന്നും യുവജനങ്ങളോടായി പറഞ്ഞു. “നിന്റെ അളവിനനുസരിച്ച്” എന്ന മുദ്രാവാക്യത്തോടെ യുവജനങ്ങൾ നടത്തിയ ഈ വർഷത്തെ വിശ്വാസവളർച്ചയുടെ കാര്യപരിപാടികളുമായി സംസാരിക്കവേയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. തയ്യലുമായി ബന്ധപ്പെട്ട ഒരു ചിന്തയാണിതെന്നും, ജീവിതത്തിലെ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെടുത്തി, ഓരോ വ്യക്തിക്കും തന്റെ അളവിനനുസരിച്ചുള്ള വസ്ത്രങ്ങൾ സന്തോഷത്തോടെ ധരിക്കുവാൻ സാധിക്കണമെന്നും പാപ്പാ പറഞ്ഞു.

എല്ലാവരും വിലപ്പെട്ടവർ

ചില ആളുകൾ നിങ്ങളെ ചെറുതായും വിലയില്ലാത്തവരുമായുമാണ് കണക്കാക്കുന്നതെങ്കിലും, ദൈവം നിങ്ങളെ അതുല്യരായാണ് കാണുന്നതെന്ന് പാപ്പാ പറഞ്ഞു. ഈ ഭൂമിയിലേക്ക് ഒരു ശിശുവായി വന്ന യേശു ശിശുകൾക്ക് അനുയോജ്യമായ ഒരു ലോകത്തിലാണ് വിശ്വസിക്കുന്നതെന്നും, അതാണ് ബെത്ലെഹെമിൽ ജനിച്ചതുവഴി അവൻ കാണിച്ചുതന്നതെന്നും പറഞ്ഞ പാപ്പാ, ഇന്നും ലോകത്തെമ്പാടുമുള്ള എല്ലാ ജനതകളുടെയും കുട്ടികൾക്കും ഈ ക്രിസ്തു സമീപസ്ഥനാണെന്നും, സാമീപ്യം, അനുകമ്പ, ആർദ്രത എന്നിങ്ങനെ മൂന്ന് വാക്കുകളിൽ നമുക്ക് വർണ്ണിക്കാവുന്ന ദൈവത്തിന്റെ ശൈലിയാണ് ഇതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

അയൽക്കാരനായ ക്രിസ്തു

നമുക്ക് അയൽക്കാരനായി, സമീപത്തുള്ളവനായി മാറിയ ക്രിസ്തുവിനെപ്പോലെ മറ്റുള്ളവർക്ക് സമീപസ്ഥരാകാൻ നാമും ശ്രമിക്കണമെന്നും, അത് നാമായിരിക്കുന്ന എല്ലാ ഇടങ്ങളിലും അനുഭവവേദ്യമാക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. സ്വന്തം ഭവനത്തിലുള്ളവക്കും, സുഹൃത്തുക്കൾക്കും, സമപ്രായക്കാർക്കും, അതുപോലെതന്നെ ദരിദ്രർക്കും നാം സമീപസ്ഥരായി മാറേണ്ടതുണ്ട്. മറ്റുള്ളവർ നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് കാത്തിരിക്കാതെ, നമുക്ക് അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, നമുക്ക് എല്ലായ്പ്പോഴും സുവിശേഷത്തിന്റെ പ്രചാരകരായിരിക്കാൻ സാധിക്കുമെന്ന് എടുത്തുപറഞ്ഞു. കുടുംബത്തിലും, ഇടവകയിലും, സ്കൂളിലും, മറ്റെല്ലായിടങ്ങളിലും യേശുവിനെക്കുറിച്ച് അറിയിക്കാനാകണമെന്നും എന്നാൽ അത് സാധിക്കണമെങ്കിൽ ആദ്യം അവനോടൊത്തായിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. പ്രാർത്ഥനയിലൂടെ അവനുവേണ്ടി സമയം നീക്കിവയ്ക്കാനും, ബുദ്ധിമുട്ടുകളിലും സന്തോഷങ്ങളിലും അവനോട് സംസാരിക്കാനും, അവനെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കാനും മടിക്കരുതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

യേശു നൽകുന്ന സന്തോഷം

യേശു നമ്മുടെ ഹൃദയങ്ങളിൽ സന്ദോഷം നിറയ്ക്കുന്നുവെന്നു പറഞ്ഞ പാപ്പാ, അവനു മാത്രമേ നമ്മുടെ ജീവിതത്തെ പുതുമനിറഞ്ഞതാക്കാനാകൂ എന്ന് ഓർമ്മിപ്പിച്ചു. ബുദ്ധിമുട്ടുന്ന ആളുകളോടും സുഹൃത്തുക്കൾ ആരുമില്ലാത്തവരോടും നിങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരുമായി സമയവും നിങ്ങൾക്കുള്ളതും പങ്കുവയ്ക്കുമ്പോൾ ദൈവം സന്തോഷിക്കുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. നിർഭാഗ്യവശാൽ നിങ്ങളുടെ സമപ്രായക്കാരായ പല കുട്ടികളും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ, പരസ്പരമുള്ള പങ്കുവയ്ക്കലിന്റെ പ്രവൃത്തികൾ യേശു നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നു എന്നും ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.