ബ്രസീലില്‍ കോവിഡ് ബാധിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

കോവിഡ് പകർച്ച വ്യാധി മൂലം ബ്രസീലിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ട ലക്ഷക്കണക്കിന് കുടുംബങ്ങളെ തന്റെ പ്രാർത്ഥനയും ഐക്യദാർഢ്യവുമറിയിച്ച് ഫ്രാൻസിസ് പാപ്പാ. ബ്രസീലിലെ ബിഷപ്പുമാരുടെ ദേശീയ സമ്മേളനത്തിന്റെ 58 -മത്തെ പൊതു സമ്മേളനത്തിൽ പങ്കെടുത്തവർക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

വൈറസ് ബാധിച്ച ചെറുപ്പക്കാരെയും, പ്രായമായവരെയും, പിതാക്കന്മ്മാരേയും, അമ്മമാരെയും ഡോക്ടർമാരെയും അഭിസംബോധന ചെയ്ത് പാപ്പാ സംസാരിച്ചു. കോവിഡിന്റെ ഇരകളായി മരണമടഞ്ഞ ബിഷപ്പുമാരടക്കമുള്ള എല്ലാവർക്കും നിത്യവിശ്രമം നൽകുവാനും അവരുടെ പ്രിയപ്പെട്ടവരോട് അവസാനമായി വിടപറയാൻ പോലും കഴിയാതിരുന്ന അവരുടെ കുടുംബങ്ങളുടെ ഹൃദയങ്ങൾക്ക് ആശ്വാസം നൽകുവാൻ ദൈവത്തോട് അപേക്ഷിക്കുന്നു എന്നും പാപ്പാ പറഞ്ഞു.

“വിടപറയാൻ കഴിയാതെയുള്ള അവസാനയാത്ര വിടവാങ്ങുന്നവരുടെയും ഭൂമിയിൽ അവശേഷിക്കുന്നവരുടെയും വലിയ വേദനയാണ്. മരണത്തെ ജയിച്ചവനാണ് ക്രിസ്തു. അതിനാൽ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസം ഈ ദാരുണമായ നിമിഷങ്ങളെ മറികടക്കുവാൻ നമ്മെ സഹായിക്കും. പ്രത്യാശ നമ്മുക്ക് കരുത്തു പകരും. കരയുന്നവരോടൊപ്പം കരയുവാനും ഒരു കൈ സഹായം നൽകുവാനും അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു.” -പാപ്പാ കൂട്ടിച്ചേർത്തു.

സഭയെ അനുരഞ്ജനത്തിനുള്ള ഉപകരണമായി കാണണമെന്ന് അദ്ദേഹം 2013 -ലെ ബ്രസീൽ സന്ദർശന വേളയിൽ എപ്പിസ്കൊപ്പറ്റുമായി നടത്തിയ ചർച്ചയിൽ പറഞ്ഞത് അദ്ദേഹം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. കത്തോലിക്കാരെമാത്രമല്ല മറ്റു ക്രൈസ്തവ വിഭാഗങ്ങളിൽ പെടുന്നവരെയും പ്രചോദിപ്പിക്കുവാൻ കഴിയണമെന്നു അദ്ദേഹം ബ്രസീലിയൻ മെത്രാന്‍മാരെ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.