കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ മരണത്തിൽ അനുശോചനമറിയിച്ച് പാപ്പാ

സ്വിറ്റ്സർലൻഡിലെ കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ മരണത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പാ. തന്റെ 88-ാം വയസ്സിൽ ജനുവരി 7 -നാണ് കർദ്ദിനാൾ ഷ്വറി അന്തരിച്ചത്. അദ്ദേഹം സ്വിസ് എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റും 1984 -ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അപ്പോസ്തോലിക യാത്ര സംഘടിപ്പിക്കുന്നതിന്റെ ചുമതലയുള്ള വ്യക്തിയുമായിരുന്നു.

ഒരു ടെലിഗ്രാമിലൂടെയാണ് പരിശുദ്ധ പിതാവ് ഇപ്പോഴത്തെ സിയോൺ ബിഷപ്പ് ജീൻ-മാരി ലൗവിയോട് തന്റെ അനുശോചനം അറിയിച്ചത്. “കർദ്ദിനാളിന്റെ മരണത്തിൽ നിങ്ങളുടെ രൂപതാ കുടുംബത്തോട് എന്റെ അനുശോചനം അറിയിക്കുന്നു. വിശ്വാസികളുടെ അജപാലന ആവശ്യങ്ങൾക്കായി കർദിനാൾ ഷ്വറി എന്നും ശ്രദ്ധാലുവായിരുന്നു. അദ്ദേഹം പുരോഹിതന്മാരുടെ രൂപീകരണത്തിന് വളരെ പ്രാധാന്യം കൊടുത്തിരുന്നു. വിവിധ സന്ദർഭങ്ങളിൽ സഭയുടെ ഐക്യം തേടുന്നതിൽ പ്രതിജ്ഞാബദ്ധനായിരുന്നു”- പാപ്പ അനുസ്മരിച്ചു.

കർദ്ദിനാൾ ഷ്വറിയുടെ സംസ്‌കാരം ജനുവരി 11 തിങ്കളാഴ്ച രാവിലെ 10: 30 ന് (പ്രാദേശിക സമയം) സീയോൻ കത്തീഡ്രലിൽ നടക്കും. കൊറോണ വൈറസ് പടരാതിരിക്കാനുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും മൃതസംസ്ക്കാര ചടങ്ങുകൾ നടത്തുന്നതെന്ന് രൂപത വെബ്‌സൈറ്റിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.