ദാരിദ്ര്യവും വിശപ്പും അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളുടെ ഫലമെന്ന് ഫ്രാന്‍സിസ് പാപ്പാ

സകലര്‍ക്കും ആവശ്യമായ ഭക്ഷണം ഉല്‍പാദിപ്പിക്കുന്ന ഒരു ലോകത്ത് ദാരിദ്ര്യം, വിശപ്പ് തുടങ്ങിയവ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് അടിസ്ഥാന മനുഷ്യാവകാശലംഘനം നടത്തുന്ന കുറ്റകൃത്യമാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ. ഈ അനീതിക്കെതിരെ പ്രായോഗികവും ശരിയായതുമായ നടപടികളിലൂടെയും പ്രാദേശികവും അന്തര്‍ദേശീയവുമായ നയങ്ങളിലൂടെയും പോരാടേണ്ടേത് എല്ലാവരുടേയും കടമയാണെന്നും പാപ്പാ അടിവരയിട്ടു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഇറ്റാലിയന്‍ ഭരണകൂടം ആതിഥേയത്വമരുളി റോമില്‍ ജൂലൈ 26 മുത ല്‍28 വരെ നടന്ന ഭക്ഷ്യ ഉച്ചകോടിയിലേയ്ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ഭക്ഷണം ഉല്‍പാദിപ്പിക്കുക എന്നതു മാത്രം പോരാ എന്നു സൂചിപ്പിച്ച പാപ്പാ, ഭൂമിയെ സംരക്ഷിക്കുകയും മനുഷ്യന്റെ അന്തസ്സ് കേന്ദ്രഭാഗത്ത് നിലനിര്‍ത്തിക്കൊണ്ടു തന്നെ ആഗോളതലത്തില്‍ ആവശ്യത്തിന് ഭക്ഷണവും പ്രാദേശികമായി മാന്യമായ തൊഴില്‍ ഉറപ്പാക്കുകയും ഭാവിയുമായി വിട്ടുവീഴ്ച ചെയ്യാതെയും ഇന്നത്തെ ലോകത്തെ ഊട്ടാനാവശ്യമായ ഒരു ഭക്ഷ്യസംവിധാനം രൂപീകരിക്കാന്‍ വേണ്ട ഒരു പുതിയ ചിന്താഗതിയും സമഗ്രമായ സമീപനവുമാണ് ആവശ്യം എന്ന് എടുത്തുപറഞ്ഞു.

ഭക്ഷ്യസംവിധാനങ്ങളുടെ ഏറ്റം അത്യാവശ്യ ഘടകങ്ങള്‍ ചെറുകിട കര്‍ഷകരും കുടുംബവുമാണ്. കൂടാതെ, ഗ്രാമീണസ്ത്രീകളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റാനും യുവാക്കളുടെ തൊഴില്‍ പ്രോത്സാഹിപ്പിക്കാനും വിദൂരവും ദരിദ്രവുമായ പ്രദേശങ്ങളിലെ കര്‍ഷകരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാനുള്ള നയങ്ങള്‍ നടപ്പിലാക്കണം എന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ഫലപ്രദമായ ബഹുമുഖത്വവും ഉത്തരവാദിത്വപൂര്‍ണ്ണമായ ഒരു ഭക്ഷ്യസംവിധാനവും നിലനിര്‍ത്താന്‍ നീതിയും സമാധാനവും മനുഷ്യകുടുംബത്തിന്റെ ഐക്യവും പരമപ്രധാനമാണ് എന്നും ഫ്രാന്‍സിസ് പാപ്പാ സൂചിപ്പിച്ചു.

ഭക്ഷണവും വെള്ളവും മരുന്നും തൊഴിലും ആദ്യം ദരിദ്രരിലേക്ക് എത്തുന്ന ഒരു ലോകത്തിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാനുള്ള ഒരു ഉത്തരവാദിത്വം നമുക്കുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.