നാലു പേരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്താൻ അനുവാദം നൽകി പാപ്പാ

രണ്ട് ദൈവദാസന്മാരുടെ മാദ്ധ്യസ്ഥത്താൽ നടന്ന അത്ഭുതങ്ങളും രണ്ട് ദൈവദാസന്മാരുടെ രക്തസാക്ഷിത്വവും നാല് ദൈവദാസരുടെ പുണ്യജീവിതവും ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചെല്ലോ സെമെറാറോയ്ക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച പുതിയ ഡിക്രി പുറത്തിറക്കാൻ പാപ്പാ അനുമതി നൽകിയത്. നാല് വാഴ്ത്തപ്പെട്ടവരെയും നാല് ധന്യരെയുമാണ് ഇതുവഴി സഭയ്ക്ക് ലഭിക്കുക.

വാഴ്ത്തപ്പെട്ട പദവിലേയ്ക്ക്

1912 ഒക്ടോബർ 17 -ന് ഇറ്റലിയിലെ ഫോർണോ ദി കനാലെ (ഇന്നത്തെ കനാലെ ദഗോർദോ) എന്ന സ്ഥലത്ത് ജനിച്ച്, 1978 സെപ്റ്റംബർ 28 -ന് വത്തിക്കാനിൽ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് മരണമടഞ്ഞ ദൈവദാസനായ അൽബിനോ ലൂച്യാനി എന്ന ജോൺപോൾ ഒന്നാമൻ പാപ്പായാണ് അവരിലൊരാൾ.

1898 ആഗസ്റ്റ് 14 -ന് കൊളമ്പിയയിലെ സലമീന എന്ന സ്ഥലത്ത് ജനിച്ച്, 1993 ജൂലൈ 25 -ന് കൊളമ്പിയയിൽ മരണമടഞ്ഞ സിസ്റ്റർ മരിയ ബെരെനീചെ ദുക്വെ ഹെങ്കർ. ഇവരുടെ മാദ്ധ്യസ്ഥത്താൽ നടന്ന അത്ഭുതങ്ങൾ പാപ്പാ ഔദ്യോഗികമായി അംഗീകരിച്ചു.

രക്തസാക്ഷികൾ

1983 ഒക്ടോബർ 27 -ന് അർജന്റീനയിലെ വായ്യെ ദെൽ സ്സെന്തയിൽ വച്ച് വിശ്വാസത്തിനായി കൊല്ലപ്പെട്ടവരാണ് പിയെത്രോ ഓർത്തിസ് ദെ സ്സാരത്തെ എന്ന രൂപതാ വൈദികനും ജൊവാന്നി അന്തോണിയോ സൊളിനാസ് എന്ന ഈശോസഭാ വൈദികനും. ഇവരുടെ മരണം വിശ്വാസത്തെപ്രതിയെന്നു സ്ഥിരീകരിച്ച ഫ്രാന്‍സിസ് പാപ്പാ, ഈ ദൈവദാസരുടെ രക്തസാക്ഷിത്വം അംഗീകരിച്ചു. ഇവർ നാലു പേരും താമസിയാതെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടും.

ധന്യർ

1915 ജനുവരി 3 -ന് സ്പെയിനിലെ ഹവലീ നുവെയ്വോ എന്ന സ്ഥലത്ത് ജനിച്ച്, 1976 ജനുവരി 26 -ന് സ്പെയിനിലെ അലിക്കാന്തെയിൽ മരണമടഞ്ഞയാളാണ് ദൈവദാസൻ ദിയേഗോ ഹെർണാണ്ടെസ് ഗൊൺസാലെസ് എന്ന രൂപതാ വൈദികൻ.

1870 ആഗസ്റ്റ് 16 -ന് ഇറ്റലിയിലെ ചിവിത്തെല്ല (ഇന്ന് ബെല്ലെഗ്ര) എന്ന സ്ഥലത്ത് ജനിച്ച്, 1951 മാർച്ച് 25 -ന് റോമിൽ മരണമടഞ്ഞ ഫ്രാൻസിസ്കൻ (OFM) വൈദികനും ദൈവദാസനുമായ ജ്യൂസെപ്പെ സ്‌പൊളെത്തീനിയാണ് രണ്ടാമത്തെയാൾ.

1898 ഏപ്രിൽ 26 -ന് ഫ്രാൻസിലെ പാരീസിൽ ജനിച്ച്, 1989 നവംബർ 6 -ന് റോമിൽ നിര്യാതനായ ദൈവദാസിയും യേശുവിന്റെ കൊച്ചുസഹോദരിമാരുടെ കൂട്ടായ്മയുടെ സ്ഥാപകയുമായ സിസ്റ്റർ മദ്ദലേന ദി ജേസു (എലിസബെത്ത മരിയ മദ്ദലേന ഹുതീൻ).

1905 മാർച്ച് 25 -ന് ഇറ്റലിയിലെ ഗലത്തീന എന്ന സ്ഥലത്ത് ജനിച്ച്, 1991 ഫെബ്രുവരി 8 -ന് റോമിൽ നിര്യാതയായ ദൈവദാസിയും ലെവ്ക്കായിലെ പരിശുദ്ധ മറിയത്തിന്റെ പുത്രിമാർ എന്ന സഭാസ്ഥാപകയുമായ സിസ്റ്റർ എലിസബെത്ത മർത്തീനെസ്. ഇവർ നാലുപേരും ധന്യപദവിയിലേക്കാണ് ഉയർത്തപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.