ഊര്‍ജ്ജസ്വലരും വിശ്വസ്തരുമായിരിക്കാന്‍ സ്‌കൗട്ട് പ്രതിനിധികളോട് ഫ്രാന്‍സിസ് പാപ്പാ

ഫ്രാന്‍സിലെ സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണജൂബിലിയോട് അനുബന്ധിച്ച് വത്തിക്കാനിലെത്തിയ 50 സ്‌കൗട്ട് പ്രതിനിധികളെ ഫ്രാന്‍സിസ് പാപ്പാ സ്വീകരിച്ച് സന്ദേശം നല്‍കി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇത്തരമൊരു പൊതുപരിപാടിയില്‍ പാപ്പാ പങ്കെടുക്കുന്നത്.

മഹാമാരിയില്‍ തകര്‍ന്ന ലോകത്തിന് പ്രത്യാശ പകരാനും കൂട്ടായ്മയുടേതായ ഒരു സംസ്‌കാരം പടുത്തുയര്‍ത്താന്‍ പരിശ്രമിക്കണമെന്നും ഊര്‍ജ്ജസ്വലരായ ക്രൈസ്തവരും വിശ്വസ്തരായ സ്‌കൗട്ട് അംഗങ്ങളുമായിരിക്കണമെന്നും പാപ്പാ അവരോട് പറഞ്ഞു.

“മാനുഷികബന്ധങ്ങളെ തകര്‍ക്കുന്നതും വളര്‍ച്ചയുടെ കാലഘട്ടത്തില്‍ കണ്ണടച്ചു പിന്തുടരാവുന്ന തരത്തിലുള്ള മാതൃകകള്‍ ഇല്ലാതാവുന്നതും സമൂഹത്തില്‍ പതിവായിട്ടുണ്ട്. ആരോഗ്യരംഗത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന അടിയന്തരാവസ്ഥ ഈ അവസ്ഥയെ കൂടുതല്‍ മോശമാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ നിങ്ങളുടെ പ്രവര്‍ത്തനം വലിയ പ്രചോദനമാണ് യുവജനങ്ങള്‍ക്ക് നല്‍കുന്നത്. സ്വപ്‌നം കാണാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനുമുള്ള മനസും ഭാവിയെ പ്രത്യാശയോടെ നോക്കിക്കാണാനുള്ള ധൈര്യവും നിങ്ങളിലൂടെ അവര്‍ക്ക് ലഭിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മികച്ച ലോകത്തെ സൃഷ്ടിക്കുന്നതില്‍ നിങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. ഇക്കാരണങ്ങളാല്‍ നിങ്ങള്‍ ഊര്‍ജ്ജസ്വലരായ ക്രൈസ്തവരും വിശ്വസ്തരായ സ്‌കൗട്ടുകളുമായി വര്‍ത്തിക്കുക” – സ്‌കൗട്ട് പ്രതിനിധികളോട് പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.