“ആവശ്യങ്ങൾ ഉള്ളപ്പോൾ മാത്രം പ്രാർത്ഥിക്കുന്നവരാണോ നിങ്ങൾ’ -ഫ്രാൻസിസ് പാപ്പാ

ദൈവത്തെ ആരാധിക്കുമ്പോൾ അഹങ്കാര മനോഭാവം ഉപേക്ഷിക്കാനും നമുക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമല്ല പ്രാർത്ഥിക്കേണ്ടതെന്നും ഫ്രാൻസിസ് പാപ്പാ. ജനുവരി ആറിന് എപ്പിഫനി തിരുന്നാളിലെ ആഞ്ചലൂസ് പ്രാർത്ഥനയ്ക്ക് മുൻപാണ്‌ പാപ്പാ ഇപ്രകാരം പറഞ്ഞത്.

“യഥാർത്ഥമായ പ്രാർത്ഥന നടക്കണമെങ്കിൽ ഹൃദയത്തിൽ എളിമയുണ്ടാകണം. യേശുവിന്റെ കാലത്ത് പലരും യേശുവിനെ കടന്നുപോകുകയും അവഗണിക്കുകയും ചെയ്തു. എന്നാൽ ജ്ഞാനികൾ ചെയ്തത് അങ്ങനെ അല്ല. സംസ്‌കാരസമ്പന്നരും, പ്രശസ്തരുമായ ഈ ജ്ഞാനികൾ ഒരു ശിശുവിനെ ആരാധിക്കാൻ സാഷ്ടാംഗം പ്രണമിക്കുന്നു. അത്തരം വിശിഷ്ട വ്യക്തികളുടെ വിനീതമായ പെരുമാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. അധികാരത്തിന്റെയും മഹത്വത്തിന്റെയും അടയാളങ്ങളുമായി സ്വയം അവതരിപ്പിച്ച ഒരു അധികാരിയുടെ മുന്നിൽ തലകുനിക്കുന്നത് അക്കാലത്ത് സാധാരണമായിരുന്നു. എന്നാൽ നിസ്സാരമെന്നു തോന്നുന്ന ഒരു ശിശുവിനെ ആരാധിക്കുക എളുപ്പമല്ല. നിസ്സാരമായവയിൽ പ്രകടമാകുന്ന ദൈവത്തിന്റെ മഹത്വത്തെ സ്വാഗതം ചെയ്യുക എന്നാണ് ജ്ഞാനികളുടെ ഈ പ്രവൃത്തിയുടെ അർത്ഥം”. – പാപ്പാ പറഞ്ഞു.

സ്വയം വിനയം അഭ്യസിക്കുന്നുണ്ടോ എന്നും അഹങ്കാരം സ്വന്തം ആത്മീയ പുരോഗതിയെ തടസ്സപ്പെടുത്തുന്നുണ്ടോയെന്നും ആത്മശോധന ചെയ്യാൻ പാപ്പാ വിശ്വാസികളോട് ആവശ്യപ്പെട്ടു. പ്രകടമായതോ മറഞ്ഞിരിക്കുന്നതോ ആയ അഹങ്കാരം എപ്പോഴും ദൈവത്തിലേക്കുള്ള വഴിയെ മറയ്ക്കുകയാണെന്നും എന്തെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമാണോ നമ്മൾ പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നതെന്ന് തിരിച്ചറിയണമെന്നും പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.