വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന റൊസാരിയോ ആഞ്ചലോ ലീവാടിനോയെക്കുറിച്ചുള്ള പുസ്തകത്തിന് ഫ്രാന്‍സിസ് പാപ്പാ അവതാരിക എഴുതി

മെയ്‌ ഒമ്പതിന് വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ദൈവദാസന്‍, റൊസാരിയോ ആഞ്ചലോ ലീവാടിനോയെക്കുറിച്ചുള്ള പുസ്തകത്തിന് ഫ്രാന്‍സിസ് പാപ്പാ അവതാരിക എഴുതി. വിന്‍സെന്‍സോ ബെര്‍ട്ടലോണ്‍ എഴുതിയ, ‘Rosario Angelo Livatino. From ‘dry martyrdom’ to the martyrdom of blood’ എന്ന പുസ്തകത്തിനാണ് പാപ്പാ അവതാരിക എഴുതിയത്.

ജസ്റ്റിസ് റൊസാരിയോയുടേത് വിശ്വാസത്തെപ്രതിയുള്ള രക്തസാക്ഷിത്വമാണെന്ന് പാപ്പാ അവതാരികയില്‍ കുറിച്ചു. കൊച്ചുകുട്ടികളില്‍ നിന്നു പോലും നിഷ്‌കളങ്കത എന്ന പുണ്യമകറ്റി അവരെപ്പോലും മാഫിയയുടെ ഭാഗമാക്കുന്നവര്‍ക്കെതിരെ പോരാടിയ വ്യക്തിയെന്ന നിലയില്‍ ജസ്റ്റിസ് റൊസാരിയോയെപ്പോലുള്ള വ്യക്തികളുടെ ഇടപെടല്‍ സമൂഹത്തിന് ആവശ്യമുണ്ടെന്നും ജഡ്ജിമാര്‍ക്കു മാത്രമല്ല, നിയമരംഗത്തെ സകലര്‍ക്കുമുള്ള മാതൃകയാണ് ഈ പുണ്യാത്മാവിന്റെ ജീവിതമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ അടിയുറച്ച ക്രിസ്തുവിശ്വാസവും ജോലിയോടുള്ള പ്രതിജ്ഞാബദ്ധതയും തമ്മിലുള്ള അഭേദ്യബന്ധം ഓരോ ക്രിസ്ത്യാനിയും വിചിന്തനവിഷയമാക്കണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

നിയമഗ്രന്ഥങ്ങള്‍ക്കൊപ്പം തിരുവചനത്തെ മുറുകെപ്പിടിക്കുകയും ക്രൈസ്തവ ധാര്‍മ്മികമൂല്യങ്ങള്‍ക്ക് ജീവിതത്തില്‍ സുപ്രധാന സ്ഥാനം നല്‍കുകയും ചെയ്തതിന്റെ പേരില്‍ ഇറ്റാലിയന്‍ മാഫിയ കൊലപ്പെടുത്തിയ വ്യക്തിയാണ് ജസ്റ്റിസ് റൊസാരിയോ ആഞ്ചലോ ലീവാടിനോ. അഭിഭാഷകനായി സേവനം ചെയ്ത 10 വര്‍ഷവും അഴിമതിക്കെതിരെ പോരാടിയ റോസാരിയോ മാഫിയാ സംഘങ്ങള്‍ക്കെതിരെയും നിലയുറപ്പിച്ചു. 25-ആം വയസില്‍ ജഡ്ജിയായി നിയമിക്കപ്പെട്ട റൊസാരിയോ, ക്രൂശിതരൂപവും വിശുദ്ധ ഗ്രന്ഥവും എപ്പോഴും തന്റെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്നു. 1990 സെപ്റ്റംബര്‍ 21-ന് 37- ാം വയസില്‍ കോടതിയിലേക്കുള്ള യാത്രാമദ്ധ്യേ റൊസാരിയോ സഞ്ചരിച്ചിരുന്ന കാര്‍ മാഫിയാസംഘം അപകടത്തില്‍പെടുത്തുകയും അദ്ദേഹത്തെ വധിക്കുകയുമായിരുന്നു.

നാമകരണ തിരുസംഘം അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമറാറോ മേയ് ഒന്‍പത് രാവിലെ 10 മണിക്ക് ഇറ്റലിയിലെ അഗ്രിജന്റോ കത്തീഡ്രലില്‍ അര്‍പ്പിക്കുന്ന തിരുക്കര്‍മ്മ മദ്ധ്യേയാകും റൊസാരിയോ ആഞ്ചലോ ലീവാടിനോയുടെ വിശുദ്ധപദ പ്രഖ്യാപനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.