റൊമേനിയ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ വിവരങ്ങൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചു

മെയ് 31 വെള്ളിയാഴ്ച മുതല്‍ ജൂണ്‍ 2 ഞായറാഴ്ച വരെ നടക്കുന്ന ഫ്രാൻസിസ് പാപ്പായുടെ റൊമേനിയ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ വിവരങ്ങൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. “മാതൃസംരക്ഷണയില്‍ നമുക്ക് ഒരുമിച്ചു നടക്കാം” എന്ന ആപ്തവാക്യവുമായിട്ടാണ് പാപ്പായുടെ 30-മത് രാജ്യാന്തര പര്യടനം.

ബഹുഭൂരിപക്ഷം ഓര്‍ത്തഡോക്സ് ക്രൈസ്തവരുള്ള റൊമേനിയയില്‍ കത്തോലിക്കര്‍ 4 ശതമാനം ന്യൂനപക്ഷമായിരിക്കെ, ക്രിസ്തുവില്‍ ഒരുമിച്ച് കൈകോര്‍ത്തു നടക്കാം എന്നുതന്നെയാണ് ഈ ആപ്തവാക്യം അര്‍ത്ഥമാക്കുന്നത്. റൊമേനിയന്‍ ജനതയ്ക്ക് പരിശുദ്ധ കന്യകാനാഥയോടുള്ള പ്രത്യേക വണക്കം സ്ഫുരിപ്പിക്കുന്നതാണ് മറിയത്തോടൊപ്പമുള്ള ഈ അപ്പസ്തോലികയാത്ര. “ദൈവമാതാവിന്‍റെ തോട്ടം” എന്ന് (Garden of Mother of God) റൊമേനിയന്‍ വിശ്വാസികള്‍ തങ്ങളുടെ രാജ്യത്തെ വിശേഷിപ്പിക്കാറുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ ഈ പ്രേഷിതയാത്രയുടെ പ്രധാന സ്ഥലങ്ങള്‍ റൊമേനിയയിലെ ശ്രദ്ധേയമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളും അവിടങ്ങളിലെ വിശ്വാസികളുമാണ്.

1999-ല്‍ റൊമേനിയ സന്ദര്‍ശിച്ച വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നും ആ സന്ദര്‍ശനത്തിന്‍റെ 20-ാο വാര്‍ഷികം അനുസ്മരിച്ചുകൊണ്ടുമാണ് തലസ്ഥാനമായ ബുക്കാറെസ്റ്റ്, ഇയാസ്, ബ്ലാസ്, സുമുല്യോ-ച്യു എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഈ ത്രിദിന സന്ദര്‍ശനം ഫ്രാന്‍സിസ് പാപ്പാ നടത്തുന്നത്.

മറിയത്തിന്‍റെ മേലങ്കിയ്ക്കു കീഴില്‍ ഐക്യത്തോടെ അണിനിരന്ന് ജീവിക്കണമെന്ന സന്ദേശവും ഈ അപ്പസ്തോലിക യാത്രയ്ക്കുണ്ട്. സമകാലീന സമൂഹത്തില്‍ വളര്‍ന്നുവരുന്ന വ്യതിരിക്തഭാവങ്ങളും സ്വാര്‍ത്ഥതാല്പര്യങ്ങളും വെടിഞ്ഞ് പൊതുനന്മ ലക്ഷ്യമാക്കി ബഹുഭൂരിപക്ഷം ക്രൈസ്തവമക്കളായ റൊമേനിയന്‍ ജനത ഒന്നിക്കണമെന്ന സന്ദേശമാണ് ഈ പ്രേഷിതസന്ദര്‍ശനത്തിലൂടെ ഫ്രാന്‍സിസ് പാപ്പാ ലക്ഷ്യംവയ്ക്കുന്നത്.