കൃതഞ്ജതയുമായി മാതൃസന്നിധിയിൽ മടങ്ങിയെത്തി ഫ്രാൻസിസ് പാപ്പാ

സെപ്തംബര്‍ 10, ചൊവ്വാഴ്ച ഫ്രാൻസിസ് പാപ്പായുടെ ആഫ്രിക്ക അപ്പസ്തോലിക പര്യടനത്തിന് പരിസമാപ്തിയായി. വത്തിക്കാനില്‍ തിരിച്ചെത്തിയ അദ്ദേഹം പതിവുപോലെ തന്നെ മാതൃസന്നിധിയിൽ തിരികെയെത്തി – നന്ദി പറയുവാൻ.

വിമാനത്താവളത്തില്‍ നിന്നും മേരി മേജര്‍ ബസിലിക്കയിലേയ്ക്കാണ് പാപ്പാ പോയത്. അവിടെ പ്രതിഷ്ഠയുള്ള റോമിന്‍റെ രക്ഷിക (Salus Populi Romani) എന്ന അപരനാമത്തില്‍ നഗരവാസികള്‍ വണങ്ങുന്ന പരിശുദ്ധ കന്യകാനാഥയുടെ ചിത്രത്തിരുനടയില്‍ ആഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന പൂച്ചെണ്ട് സമര്‍പ്പിച്ച് 10 മിനിറ്റിലധികം അവിടെയിരുന്ന് മൗനമായി പാപ്പാ പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് കാറില്‍ ഏകദേശം 30 കി.മീ. സഞ്ചരിച്ച് വത്തിക്കാനില്‍ എത്തിയതോടെ അതിരുകള്‍ തേടിയുള്ള മറ്റൊരു പ്രേഷിതയാത്രയ്ക്ക് പരിസമാപ്തിയായി.

സെപ്തംബര്‍ 10, ചൊവ്വാഴ്ച അനന്തനാനരീവോ നഗരപ്രാന്തത്തിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ പ്രാദേശിക സമയം രാവിലെ ഏഴു മണിക്ക് ഫ്രാന്‍സിസ് പാപ്പാ ദിവ്യബലി അര്‍പ്പിച്ചു. എട്ടു മണിക്ക് അപ്പസ്തോലിക് നൂണ്‍ഷ്യോ, ആര്‍ച്ചുബിഷപ്പ് പാവുളോ ഗ്വാള്‍ത്തിയേരിയോടു യാത്രപറഞ്ഞ് ഇറങ്ങിയ പാപ്പാ, അവിടെ വത്തിക്കാന്‍റെ മന്ദരത്തില്‍ സഹായത്തിനെത്തുന്ന ഒരുകൂട്ടം പാവങ്ങളുമായി നേര്‍ക്കാഴ്ച നടത്തുകയും അവരോട് കുശലം പറയുകയും ചെയ്ത ശേഷം ഫോട്ടോ എടുത്തു കൊണ്ടാണ് കാറില്‍ വിമാനത്താവളത്തിലേയ്ക്കു പുറപ്പെട്ടത്.