കര്‍ദിനാള്‍ മാര്‍ക്‌സിന്റെ രാജിക്കത്ത് പാപ്പാ നിരസിച്ചു

ജര്‍മനിയിലെ സഭയെ പിടിച്ചുകുലുക്കിയ ലൈംഗീക വിവാദങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച വ്യക്തിപരമായ പരാജയവും ഭരണപരമായ പിഴവുകളും ഏറ്റുപറഞ്ഞ് ജര്‍മന്‍ കര്‍ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാര്‍ക്സ് ഫ്രാന്‍സിസ് പാപ്പായ്ക്ക് രാജിക്കത്ത് കൈമാറിയെങ്കിലും പാപ്പാ അത് നിരസിക്കുകയും അദ്ദേഹത്തെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയും ചെയ്തു.

സ്പാനിഷ് ഭാഷയില്‍ സ്വയം എഴുതി അയച്ച കത്തിലൂടെയാണ് പാപ്പാ തന്റെ തീരുമാനം കര്‍ദിനാള്‍ മാര്‍ക്‌സിനെ അറിയിച്ചത്. കര്‍ദിനാള്‍ കാണിച്ച ക്രിസ്തീയമായ വലിയ ധൈര്യത്തിന് പാപ്പാ ആദ്യം തന്നെ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്. പാപം എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ അടിയറവു പറയാന്‍ തയാറാകാതെ, മുഴുവന്‍ സഭയും പ്രസ്തുത ചൂഷണ പരാതിയിന്മേല്‍ പ്രതിസന്ധിയിലായ അവസരത്തില്‍ സ്വയം എളിമപ്പെട്ട് സഭയ്ക്കുവേണ്ടി ത്യാഗം ചെയ്യാന്‍ സന്നദ്ധനായ താങ്കളെ അഭിനന്ദിക്കുന്നുവെന്നും പാപ്പാ കത്തിലൂടെ അറിയിച്ചു.

‘പ്രിയപ്പെട്ട സഹോദരാ ഇതാണ് എന്റെ മറുപടി. നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തില്‍ തുടരുക. മ്യൂണിക് ആന്‍ഡ് ഫ്രീസിംഗ് ആര്‍ച്ചുബിഷപ്പ് എന്ന നിലയില്‍’. പാപ്പാ പറഞ്ഞു. കണ്ണടച്ച് ഇരുട്ടാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തിരിച്ചടികള്‍ ഏതാനും വ്യക്തികളുടെ മാത്രം വീഴ്ചയായി പരിഗണിക്കാതെ സഭയ്ക്ക് ഒരുമിച്ച് നിന്ന് ഇത്തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാമെന്നും പാപ്പാ കത്തില്‍ സൂചിപ്പിച്ചു.

മേയ് അവസാനമാണ് കര്‍ദിനാള്‍ മാര്‍ക്‌സ് പാപ്പായ്ക്ക് തന്റെ രാജി സമര്‍പ്പിച്ചത്. ലൈംഗീക കേസുകളിലോ അത്തരം കേസുകള്‍ മറച്ചുവെക്കുന്നതിലോ ഇതുവരെ ഇദ്ദേഹം സംശയത്തിന്റെ നിഴലിലല്ലെങ്കിലും, ഭരണപരമായ വീഴ്ചകളാണ് 67 വയസുകാരനായ ഇദ്ദേഹത്തെ രാജി സമര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദശകങ്ങളില്‍ ജര്‍മനിയിലെ സഭയിലുണ്ടായ വീഴ്ചകളില്‍ തനിക്കും പങ്കുണ്ടെന്ന് ഏറ്റുപറയുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.