മറ്റുള്ളവരെ നിയന്ത്രിക്കുന്നതല്ല അവരെ ശുശ്രൂഷിക്കുന്നതാണ് സ്‌നേഹം: മാര്‍പാപ്പ

മറ്റുള്ളവര്‍ക്കായി സ്വയം മറന്ന് സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സ്‌നേഹമെന്ന് മാര്‍പാപ്പ. ഞായറാഴ്ചത്തെ റെജീനാ കോളി പ്രാര്‍ത്ഥനയ്ക്കിടെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. ഞായറാഴ്ച സുവിശേഷത്തെ ആധാരമാക്കി (യോഹ. 15:9-17) നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

യേശുവിന്റെ സ്‌നേഹത്തില്‍ വസിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രത്യേക ഫലത്തെക്കുറിച്ചും പാപ്പാ പറഞ്ഞു. “അവിടുത്തെ സ്‌നേഹത്തില്‍ വസിക്കാനും അതുവഴി നമ്മുടെ സന്തോഷം പൂര്‍ണ്ണമാകാനും ക്രിസ്തു നമ്മെ ക്ഷണിക്കുന്നു.” പിതാവായ ദൈവമാണ് ഈ സ്‌നേഹത്തിന്റെ ഉറവിടം. അവിടുത്തെ പുത്രനായ ഈശോയിലൂടെയാണ് ആ സ്‌നേഹം നമ്മിലേയ്ക്ക് നദി പോലെ ഒഴുക്കുന്നത്. ദൈവത്തിന് നമ്മോടുള്ള സ്‌നേഹം അതേ അളവിലാണ് ഈശോയിലൂടെ നമുക്ക് ലഭിക്കുന്നത്. ആ സ്‌നേഹം നമുക്ക് നല്‍കിക്കൊണ്ട് ഈശോ നമ്മെ സുഹൃത്തുക്കളാക്കുന്നു. ദൈവത്തെ കൂടുതല്‍ അറിയാന്‍ പ്രാപ്തരാക്കുന്നു. കൂടാതെ ലോകത്തിന് ജീവനുണ്ടാക്കുക എന്ന തന്റെ ദൗത്യത്തിലേയ്ക്ക് അവിടുന്ന് നമ്മേയും പങ്കുചേര്‍ക്കുന്നു – പാപ്പാ പറഞ്ഞു.

“ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ എന്നാണ് ഈശോ തന്റെ കല്‍പനകളെ സംഗ്രഹിച്ചിരിക്കുന്നത്. ഈശോ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കുക എന്നാല്‍ സ്വയം മറന്ന് ആവശ്യക്കാരിലേയ്ക്ക് ഹൃദയവും കൈകളും തുറക്കുക എന്നാണ്. ചുറ്റുമുള്ളവരെ നിയന്ത്രിക്കുകയോ ഭരിക്കുകയോ ചെയ്യാതെ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ ഈശോ കഴുകിയതുപോലെ സ്വയം എളിമപ്പെടുത്തി, മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുക” – പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.