കുടുംബബന്ധങ്ങള്‍ക്ക് മാതൃകയായ അമ്മയേയും മകനേയും കുറിച്ച് ഫ്രാന്‍സിസ് പാപ്പാ

ഭൂമിയിലെ കുടുംബത്തില്‍ അമ്മയും മകനുമായിരുന്നു മോനിക്കയും അഗസ്റ്റിനും. ആ ആത്മബന്ധം സ്വര്‍ഗ്ഗീയസൗഭാഗ്യത്തിലും വിശുദ്ധിയായി തെളിഞ്ഞുനില്‍ക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ആഗസ്റ്റ് 26- ാം തീയതി വത്തിക്കാനില്‍ നടന്ന പതിവുള്ള ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അവസാനഭാഗത്ത് നവദമ്പതിമാരെയും പ്രായമായവരെയും യുവജനങ്ങളെയും രോഗികളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് പാപ്പാ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത്.

ആഗസ്റ്റ് 27, 28 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ യഥാക്രമം അനുസ്മരിക്കുന്ന വി. മോനിക്കയുടെയും വി. അഗസ്റ്റിന്റെയും തിരുനാള്‍ അനുസ്മരിപ്പിച്ചുകൊണ്ടാണ് മാധ്യമശ്രൃംഖലകളിലൂടെ നയിച്ച പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍, തന്നെ ശ്രവിക്കാനെത്തിയ ആയിരങ്ങളോട് പാപ്പാ പ്രത്യേകമായി ഇങ്ങനെ ആഹ്വാനം ചെയ്തത്.

ക്രിസ്താബ്ദം നാലാം നൂറ്റാണ്ടില്‍ ജീവിച്ച വി. മോനിക്കയുടെ കുടുംബം വളര്‍ന്നത് ആഫ്രിക്കയിലെ തഗാസ്‌തെയിലായിരുന്നു. മാനസാന്തരത്തിന്റെ വഴിയില്‍ ഈ അമ്മ നിലയ്ക്കാത്ത പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും ജീവിതശൈലി തിരഞ്ഞെടുത്തു. മോനിക്കയുടെ മൂന്നു മക്കളില്‍, അഗസ്റ്റിന്‍ അതീവ ബുദ്ധിശാലിയായിരുന്നു. അസ്വസ്ഥമായ തന്റെ യുവത്വത്തില്‍ ലൗകീകവഴിയെ സഞ്ചരിച്ച അഗസ്റ്റിന്റെ മനസാന്തരത്തിനായി അമ്മ മോനിക്ക ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കുകയും പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ അനുഷ്ഠിക്കുകയും ചെയ്തു.

387-ല്‍ അഗസ്റ്റിന്‍ ഇറ്റലിയിലെ മിലാനില്‍ വച്ച്, സ്ഥലത്തെ മെത്രാനായിരുന്ന വി. അംബ്രോസിന്റെ സന്നിധില്‍ നന്മയുടെ മാര്‍ഗ്ഗം തിരിച്ചറിഞ്ഞ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചു. ജന്മനാട്ടിലെത്തി ജീവിതത്തെ ക്രമപ്പെടുത്തി ജീവിച്ച അഗസ്റ്റിന്‍, ഹിപ്പോയിലെ മെത്രാനായി നിയമിതനായി. തന്റെ താത്വികജ്ഞാനവും ബുദ്ധികൂര്‍മ്മതയും വിശ്വാസവളര്‍ച്ചയ്ക്കായി ക്രിസ്ത്വാനുകരണമാക്കി അദ്ദേഹം രൂപപ്പെടുത്തി. 34 വര്‍ഷക്കാലം അജപാലന ശുശ്രൂഷയില്‍ വിശുദ്ധിയോടെ ജീവിച്ചു. അഗസ്റ്റിന്റെ ദാര്‍ശനികപ്രഭാഷണങ്ങളും രചനകളും ഇന്നും ക്രിസ്തീയവിശ്വാസത്തെ ആഴപ്പെടുത്തുന്നതും ദൈവശാസ്ത്രപരമായ ചിന്താധാരയില്‍ ഉയരുന്ന അബദ്ധസിദ്ധാന്തങ്ങളെ തിരുത്തുന്നവയുമാണ്. അമ്മ മോനിക്ക മരണം വരെ കാഴ്ചവച്ച പ്രാര്‍ത്ഥനയാലാണ് താന്‍ സുവിശേഷവെളിച്ചം കണ്ടെതെന്നു വിശ്വസിച്ച അഗസ്റ്റിന്‍ അമ്മയെപ്പോലെ വിശുദ്ധിയുടെ മകുടമണിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.