വയോജന ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി മാര്‍പാപ്പയും 21 വയോധികരും: ശ്രദ്ധേയമായി വീഡിയോ

മുത്തശ്ശീ-മുത്തശ്ശന്മാര്‍ക്കും മറ്റു വയോധികര്‍ക്കുമായി തിരുസഭ പ്രഖ്യാപിച്ച ആഗോള ദിനാചരണത്തിന്റെ ഔദ്യോഗിക പ്രാര്‍ത്ഥന ഫ്രാന്‍സിസ് പാപ്പാ ചൊല്ലുന്നത് വെള്ളിയാഴ്ച വീഡിയോയിലൂടെ പരസ്യപ്പെടുത്തുകയുണ്ടായി. ലോകമെമ്പാടുമുള്ള മുത്തശ്ശീ-മുത്തച്ഛന്മാരും പ്രായം ചെന്നവരും ഈ പ്രാര്‍ത്ഥന പാപ്പായോടൊപ്പം ചൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് ഈ വിഡീയോ പ്രാര്‍ത്ഥന പുറത്തിറക്കിയിരിക്കുന്നതും.

ഫ്രാന്‍സിസ് പാപ്പാ, 101 വയസ് പിന്നിട്ട കനേഡിയന്‍ ബിഷപ്പ് ലൗറന്റ് നോയല്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് ദമ്പതികള്‍ ഉള്‍പ്പെടെ 21 വയോധികര്‍, നാല് ഭാഷകളിലായി ചൊല്ലുന്ന പ്രസ്തുത പ്രാര്‍ത്ഥനാ വീഡിയോ ശ്രദ്ധേയമാകുകയാണ്. സ്പാനിഷ് ഭാഷയില്‍ പാപ്പാ തുടക്കം കുറിക്കുകയും ഇംഗ്ലീഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍ ഭാഷകളില്‍ മുന്നേറുകയും ചെയ്യുന്ന പ്രാര്‍ത്ഥനയില്‍ പ്രഘോഷിക്കപ്പെടുന്നത്, ഇക്കാലമത്രയും ദൈവം നല്‍കിയ നന്മകളെപ്രതിയുള്ള കൃതജ്ഞതയാണ്.

മുത്തശ്ശീ-മുത്തശ്ശന്മാര്‍ക്കും മറ്റു വയോധികര്‍ക്കുമായി തിരുസഭ പ്രഖ്യാപിച്ച ആഗോള ദിനാചരണത്തോട് അനുബന്ധിച്ച് ഇന്ന് വത്തിക്കാന്‍ സമയം രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് നവ സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘം അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റിനോ ഫിസിചെല്ലോ മുഖ്യകാര്‍മ്മികത്വം വഹിക്കും. സര്‍ജറിയെ തുടര്‍ന്ന് മാര്‍പാപ്പാ വിശ്രമത്തിലായതിനാലാണ് ആര്‍ച്ചുബിഷപ്പ് റിനോ ഫിസിചെല്ലോ ദിവ്യബലി അര്‍പ്പിക്കുന്നത്.

വയോധിക ദിനത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രാര്‍ത്ഥന:

കര്‍ത്താവേ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ സംരക്ഷണമേകുന്ന സാന്നിധ്യത്തെയോര്‍ത്ത്..
ഏകാന്തതയുടെ നിമിഷങ്ങളിലും അങ്ങാണ് എന്റെ പ്രത്യാശയും ആത്മവിശ്വാസവും. ചെറുപ്പം മുതലേ അങ്ങാണ് എന്റെ ഉറപ്പുള്ള പാറയും അഭയകേന്ദ്രവും. എനിക്ക് ഒരു കുടുംബത്തെ നല്‍കിയതിനെ ഓര്‍ത്ത് ഞാന്‍ നന്ദി പറയുന്നു. ഇത്രയും വലിയ ഒരു ജീവിതം നല്‍കിയതിനും നന്ദി.. സന്തോഷത്തിന്റെയും സന്താപത്തിന്റെയും നിമിഷങ്ങള്‍ നല്‍കിയതിനെ ഓര്‍ത്ത് നന്ദി. നിറവേറിയ സ്വപ്നങ്ങളേയും ഇനിയും അവശേഷിക്കുന്ന ആഗ്രഹങ്ങളേയും കുറിച്ച് നന്ദി പറയുന്നു. ഫലദായകമായ ഈ നിമിഷത്തിന് അങ്ങേയ്ക്ക് നന്ദി..

കര്‍ത്താവേ, എന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ. എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കണമേ. എന്നേക്കാള്‍ വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനുള്ള കൃപ എനിക്ക് നല്‍ണമേ. സ്വപ്നങ്ങള്‍ അവസാനിപ്പിക്കാതിരിക്കാനും അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ച് പുതു തലമുറയോട് സംസാരിക്കാനും എനിക്ക് സാധിക്കട്ടെ. പരിശുദ്ധ പാപ്പായെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യണമേ..
സുവിശേഷം ലോകാതിര്‍ത്തികള്‍ വരേയും എത്തട്ടെ.

ലോകത്തെ നവീകരിക്കുന്നതിനായി അങ്ങയുടെ പരിശുദ്ധാത്മാവിനെ അയയ്ക്കണമേ. മഹാമാരിയും യുദ്ധങ്ങളും അവസാനിക്കുകയും പാവപ്പെട്ടവര്‍ ആശ്വസിപ്പിക്കപ്പെടുകയും ചെയ്യട്ടെ. തളര്‍ച്ചയില്‍ എന്നെ താങ്ങിനിര്‍ത്തണമേ. ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ ജീവിച്ചു തീര്‍ക്കാന്‍ എന്നെ അനുവദിക്കണമേ. അങ്ങ് നല്‍കുന്ന ഓരോ നിമിഷവും അങ്ങയുടെ സാന്നിധ്യം തിരിച്ചറിഞ്ഞുകൊണ്ട് അവസാനം വരേയും ജീവിക്കാന്‍ എന്നെ സഹായിക്കണമേ, ആമ്മേന്‍.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.