അമേരിക്കയിലെ വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ടവർക്കു വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ

കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെക്‌സാസ്, ഒഹിയോ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നടന്ന വെടിവയ്പുകളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പ പ്രാർത്ഥിച്ചു. ഇന്നലെ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കു ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് പാപ്പ  ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അവരുടെയെല്ലാം കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാർത്ഥിച്ചത്.

ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയിലുണ്ടായ വെടിവയ്പ് സംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ടെക്‌സസ് സംസ്ഥാനത്തെ എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ ഇരുപത്തൊന്നുകാരന്‍ യന്ത്രത്തോക്ക് ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച അര്‍ദ്ധരാത്രി ഒഹിയോ സംസ്ഥാനത്തെ ഡേയ്റ്റണില്‍ ഒരു മണിയോടെ രണ്ടാമത്തെ വെടിവയ്പ്പും നടന്നു. അക്രമിയടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. 16 പേര്‍ക്കു പരിക്കേറ്റു.