ഇന്തോനേഷ്യയില്‍ അക്രമങ്ങള്‍ക്കിരയായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച്, ഫ്രാന്‍സിസ് പാപ്പാ 

ഇന്തോനേഷ്യയില്‍ പള്ളികള്‍ക്കു നേരെ നടന്ന ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച്, ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെ നടന്ന ആക്രമണത്തില്‍ പതിമൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.

കൊല്ലപ്പെട്ടവരുടെ ആത്മാക്കള്‍ക്കു നിത്യശാന്തി ലഭിക്കുന്നതിനായി പ്രാര്‍ത്ഥിച്ച പാപ്പാ, ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള കൃപ ദൈവത്തോട് യാചിക്കുകയും ചെയ്തു. ‘ദൈവാലയത്തില്‍ വച്ച്  ക്രൂരമായ ആക്രമണങ്ങള്‍ക്കു ഇരയായ സുരാബയ നിവാസികളോട് ഞാന്‍ എന്റെ സാമീപ്യം അറിയിക്കുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സ്വര്‍ഗ്ഗീയമായ സമാശ്വാസം ലഭിക്കട്ടെ. സമാധാനത്തിന്റെ ദൈവം ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയും വെറുപ്പും വിദ്വേഷവും നിറഞ്ഞ മനസുകളില്‍ അനുരഞ്ജനത്തിന്റെയും സാഹോദര്യത്തിന്റെയും ചിന്തകള്‍ നിറയ്ക്കുകയും ചെയ്യട്ടെ’. പാപ്പാ പറഞ്ഞു.

രാവിലെ 7 :30 ഓടെ ആരംഭിച്ച ആക്രമണത്തില്‍ നാല്‍പതോളം ആളുകള്‍ക്ക് പരിക്കേറ്റു. ഐഎസ് അനുഭാവമുള്ള ഇന്തോനേഷ്യയിലെ ജെഎഡി ഗ്രൂപ്പിനെയാണു സംഭവത്തില്‍ പോലീസ് സംശയിക്കുന്നത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടുമെന്നാണു സൂചന. ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ ദൈവാലയങ്ങള്‍ക്കുനേരെ ആക്രമണമുണ്ടാകുന്നത് ഇതാദ്യമല്ല. 2000ത്തിലെ ക്രിസ്മസ് ദിനത്തില്‍ വിവിധ ദൈവാലയങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ ഇരുപതു പേര്‍ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.