സെന്റ് പീറ്റേഴ്‌സ് സ്ക്വയറിനടുത്ത് തണുപ്പിൽ മരണപ്പെട്ട ഭവനരഹിതനുവേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

സെന്റ് പീറ്റേഴ്‌സ് സ്ക്വയറിനടുത്ത് അതി ശക്തമായ തണുപ്പിൽ മരണപ്പെട്ട ഭവനരഹിതനുവേണ്ടി ഫ്രാൻസിസ് പാപ്പ പ്രത്യേകം പ്രാർത്ഥന നടത്തി. ജനുവരി 20 -ന് സന്നദ്ധ പ്രവർത്തകരാണ് നൈജീരിയക്കാരനായ 46 വയസ്സുള്ള എഡ്വിൻ എന്ന അഭയാർത്ഥിയെ അതിശക്തമായ ശൈത്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച ത്രിസന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷമാണ് എഡ്വിന് വേണ്ടി പാപ്പാ പ്രത്യേകമായി പ്രാർഥിച്ചത്.

“കൊടും തണുപ്പിൽ ഇതേ സാഹചര്യത്തിൽ മരണമടഞ്ഞ ഒരുപാടുപേരുടെ ചരിത്രമാണ് എഡ്വിന്റെ മരണത്തിലൂടെ വ്യക്തമാകുന്നത്. തണുപ്പിൽ ഈ മനുഷ്യൻ എല്ലാവരാലും അവഗണിക്കപ്പെട്ടു, ഉപേക്ഷിക്കപ്പെട്ടു എന്നൊക്കെ അദ്ദേഹത്തിന് തോന്നിയിരിക്കാം. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചതെന്ന് നാമെല്ലാം ഒന്നുകൂടി വിചിന്തനം ചെയ്യേണ്ടതുണ്ട്. മഹാനായ വിശുദ്ധ ഗ്രിഗറിയുടെ വാക്കുകൾ ഓർമ്മപ്പെടുത്തട്ടെ. തണുപ്പിൽ ഒരു യാചകൻ മരണമടയുമ്പോൾ ആ ദിവസം ആഘോഷിക്കപ്പെടുകയില്ല. അത് ദുഃഖ വെള്ളിയാഴ്ച പോലെയായിരിക്കും. എഡ്വിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം,” -പാപ്പാ പറഞ്ഞു.

ഈ വർഷം ശൈത്യം മൂലം റോമിൽ മരണമടഞ്ഞ നാലാമത്തെ വ്യക്തിയാണ് എഡ്വിൻ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭവനരഹിതരായ ആളുകൾക്ക് കോവിഡ് 19 നെതിരെയുള്ള പ്രതിരോധമരുന്ന് നൽകുന്നതിനായി ജീവകാരുണ്യ പ്രവർത്തകർ എത്തിച്ചേർന്നപ്പോളാണ് എഡ്വിന്റെ മൃതദേഹം കണ്ടെത്തുന്നത്. വാക്‌സിൻ സ്വീകരിച്ച എല്ലാ ഭവന രഹിതരെയും മാർപ്പാപ്പയുടെ പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്ന വത്തിക്കാൻ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പേപ്പൽ ചാരിറ്റീസ് ഓഫീസിലെ താമസ- പരിചരണ ഇടങ്ങളിൽ സ്ഥിരമായി പാർപ്പിച്ചിരിക്കുകയാണിപ്പോൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.